'ഖാഫില ജിദ്ദ' കേരള ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദ സംഗമം ശ്രദ്ധേയമായി

 ജിദ്ദ ഷറഫിയയില്‍ നടന്ന ഖാഫില ജിദ്ദ കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടയ്മ യില്‍ (വലതു നിന്ന്) സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍, ടി എച്ച് ദാരിമി, മുജീബ് റഹ് മാന്‍ റഹ് മാനി എന്നിവര്‍ സംസാരിക്കുന്നു
ജിദ്ദ: കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ സംഘം ജിദ്ദ നഗരത്തിലെ അംഗങ്ങള്‍ ഒത്തു കൂടിയ സ്നേഹ സംഗമം പരസ്പരം പരിചയപ്പെട്ടും അനുഭവങ്ങള്‍ പങ്കിട്ടും പുതിയ സൌഹൃദങ്ങള്‍ക്ക് വഴി ഒരുക്കിയും വ്യത്യസ്തത പുലര്‍ത്തി.
സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ ചേര്‍ന്ന ഖാഫില ജിദ്ദ സ്നേഹ സംഗമം, യുവ പണ്ഡിത നിരയുടെ ഉദ്ബോധനങ്ങളും പ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യങ്ങളും കൊണ്ട് അവിസ്മരണീയമായ അനുഭവമായി. 
ദഅവാ പ്രവര്‍ത്തനം ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ അനൌപചാരിക മത വിദ്യാഭ്യാസത്തിനു ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ഇസ്ലാമിക് ക്ലാസ് റൂം നിര്‍വഹിക്കുന്ന ആത്മാര്‍ഥമായ സേവനം ശ്ലാഘനീയമാണെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ് മാന്‍ റഹ് മാനി പറഞ്ഞു. ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടായ്മ " ഖാഫില ജിദ്ദ" ഈ രംഗത്ത്‌ മാതൃകാ പരമായ ഒരു സംരംഭമാണ്. പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകള്‍ ദഅവാ പ്രവര്‍ത്തകര്‍ക്ക് മാത്രകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീന്‍ സദുപദേശമാണെന്നും പ്രക്ഷുബ്ധമായ സമകാലിക ലോകത്ത് സമൂഹത്തെ വെളിച്ചത്തിലേക്ക് വഴി നടത്താന്‍ വിശ്വാസികളുടെ പാരസ്പര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കൈകളിലേന്തിയ വിജ്ഞാനത്തിന്റെ ദീപ്തി കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ടി എച്ച് ദാരിമി പറഞ്ഞു. കേരളീയ സമൂഹത്തില്‍ സമസ്തയുടെ സാന്നിധ്യം തീര്‍ത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ ചിഹ്നങ്ങള്‍ ചരിത്രാവബോധമുള്ള ഒരു സമൂഹത്തിനു വിസ്മരിക്കാന്‍ കഴിയില്ല. മറ്റേതു മേഖലയിലും എന്ന പോലെ ആത്മീയ രംഗത്തും കടന്നു വരുന്ന ചൂഷണങ്ങല്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ബോധവല്‍ക്കരണം കാലത്തിന്റെ അനുപേക്ഷണീയ ദൌത്യമാനെന്നും എന്നാല്‍ പ്രതിരോധ രംഗത്താണെങ്കില്‍ പോലും നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാകണം നമ്മുടെ ഇടപെടലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, സല്‍മാന്‍ അസ് ഹരി, സലാഹുദ്ദീന്‍ വാഫി തുടങ്ങി ധാരാളം പണ്ഡിതര്‍ സംസാരിച്ചു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ സുന്നി യുവ ജന സംഘം പ്രവര്‍ത്തനങ്ങളില്‍ ഖാഫില ജിദ്ദയുടെ സേവനങ്ങള്‍ കൂടുതല്‍ ഫല പ്രദമായി ഉപയോഗപ്പെടുത്തണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 
എന്‍.പി. അബൂബക്കര്‍ ഹാജി കൊണ്ടോട്ടി ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു. പല പേരുകളിലായി ക്ലാസ് റൂമിലുള്ള ഐ ഡി കള്‍ക്ക് പിന്നിലെ സുഹ്ര്‍ത്തുക്കള്‍ക്കൊപ്പം കെ.ഐ.സി. ആര്‍ ഇന്റര്‍ നെറ്റ് റേഡിയോ ശ്രോതാക്കളും ഓപ്പണ്‍ ഫോറത്തില്‍ പരിചയപ്പെടുത്തി. നിലപാടും, പാവം പ്രവാസിയും, റിലാക്സും, ദാറുല്‍ അമീനും തുടങ്ങി ചെല്ലപ്പേരുകളില്‍ സുപരിചിതരായ പലരും. കാണാമറയത്തെ ഓരോ ശ്രോതാവിനും ഓര്‍ത്തെടുക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍. അതിരറ്റ ആഹ്ലാദത്തോടെ ആദ്യാവസാനം സ്നേഹ സമ്പൂര്‍ണ്ണമായ ഒരു സംഗമം. 

സംഗമാംഗങ്ങളുടെ സമ്പൂര്‍ണ്ണ ഡാറ്റ തയാറാക്കി ക്കൊണ്ട് , സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായകമായേക്കും വിധം ഒരു രക്ത ഗ്രൂപ്പ് ഡയറക്ടറിക്ക് തുടക്കം കുറിച്ചു. ഈ സംരംഭം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ പ്രവാസ ലോകത്ത് വിപുലമായ ഒരു ഡാറ്റാ ശേഖരത്തിന് തുടക്കമായിരിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. 
അമീര്‍ ഇരിങ്ങല്ലൂര്‍, അബ്ദുല്ല തോട്ടക്കാട്, ഫഹദ് , മുനീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കി. സി എച്ച് നാസര്‍ ആശംസാ ഗാനം ആലപിച്ചു. സാലിം (അല്‍ വാഫി ), ഉസ്മാന്‍ എടത്തില്‍ (മസ് നവി) തുടങ്ങി ക്ലാസ് റൂം പ്രവര്‍ത്തകര്‍ സംഗമത്തിന്റെ സംഘാടകരായിരുന്നു.