SKSSF ഖുര്‍ആന്‍ പാരായണ മെഗാമത്സരം; മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായി

കോട്ടക്കല്‍: വിശുദ്ധ വേദത്തിന്റെ ആസ്വാദന സൗന്ദര്യം ആശയധാരയായി ആഴ്ന്നിറങ്ങുന്ന ഖുര്‍ആന്‍ പാരായണ മെഗാമത്സരം ശ്രദ്ധേയമാകുന്നു. റമസാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായി. വാശിയേറിയ മൂന്നാം റൗണ്ട് മത്സരത്തില്‍ 11 പേര്‍ യോഗ്യത നേടി. കോട്ടക്കല്‍ ടൗണ്‍ മസ്ജിദില്‍ നടന്ന മത്സരം മുന്‍ ജില്ലാ പ്രസിഡന്റ് എം.പി. കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, ഇ.കെ. അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഇരുമ്പന്‍ സൈദലവി മുസ്‌ലിയാര്‍, യാഹുട്ടി മുസ്‌ലിയാര്‍, ജഅ്ഫര്‍ ഇന്ത്യനൂര്‍, യൂനുസ് മുസ്‌ലിയാര്‍ സംസാരിച്ചു. 
ആദ്യ റൗണ്ടില്‍ 20 ഉം രണ്ടാം റൗണ്ടില്‍ 14 ഉം പേരാണ് യോഗ്യത നേടിയത്. വിവിധ പ്രായക്കാരായ മത്സരാര്‍ത്ഥികള്‍ പാരായണ മികവുകൊണ്ട് സദസ്സിനെ ആകര്‍ഷിക്കുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ സത്യസന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ പാരായണം ചെയ്യുന്നതിനും പ്രചോദനമാവുകയാണ് ലക്ഷ്യം. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ നാലാം റൗണ്ട് 12ന് ഒരു മണിക്ക് പെരിന്തല്‍മണ്ണ ടൗണ്‍ ഹാളിലും ഫൈനല്‍ റൗണ്ട് 15ന് 12 മണിക്ക് കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിക്കും. ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കം സമ്മാനിക്കും.