മടവൂര്‍ സി.എം. മഖാം ഉറൂസ് നാളെ മുതല്‍

കോഴിക്കോട്: മടവൂര്‍ സി.എം. മഖാം ശരീഫിലെ 22-ാം ഉറൂസ് മുബാറക് ആഗസ്ത് 22 മുതല്‍ 27 വരെ നടക്കും. 22-ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങളുടെ നേതൃത്വത്തിലുള്ള സിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. 23-ന് രാവിലെ ഒമ്പതിന് സി.എം. അനുസ്മരണസമ്മേളനം, വൈകിട്ട് ഏഴിന് സ്വലാത്ത് മജ്‌ലിസ് എന്നിവയുണ്ടാകും. രാത്രി എട്ടിന് മതപ്രഭാഷണപരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും.
15 ലക്ഷംരൂപ ചെലവില്‍ മഖാംകമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 24-ന് വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. 26-ന് വൈകിട്ട് ഏഴിന് ദിക്‌റ് ദു ആ സമ്മേളനവും 27-ന് രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ അന്നദാനവുമുണ്ടാകും.
സി.എം. മഖാം കമ്മിറ്റി പ്രസിഡന്റ് ടി.പി.സി. മുഹമ്മദ്‌കോയ ഫൈസി, സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ അല്‍ക്കോബാര്‍ ഹുസൈന്‍ഹാജി, ട്രഷറര്‍ മൂത്താട്ട് അബ്ദുറഹിമാന്‍, കെ.എം. മുഹമ്മദ്, ഫൈസല്‍ഫൈസി, വി.സി. റിയാസ് ഖാന്‍, പി.യു. മുഹമ്മദ് സ്വാലിഹ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.