ഖുര്‍ആന്‍ - മനുഷ്യാവകാശങ്ങളുടെ മാഗ്നാകാര്‍ട്ട : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പതിനാറാമത് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഉസ്താദ്‌ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി സംസാരിക്കുന്നു 
ദുബൈ : മനുഷ്യ സ്വത്വത്തെ അംഗീകരിക്കുകയും വര്‍ഗ്ഗ, വര്‍ണ്ണ, ദേശങ്ങള്‍ക്കതീതമായി മനുഷ്യ സമത്വത്തെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്ത പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ മാഗ്നാകാര്‍ട്ടയാണെന്ന് പ്രശസ്ത മുസ്ലിം പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് ഖിസൈസ് ജം-ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ച്ചനീച്ചത്വങ്ങളില്ലാത്ത ഒരു ഉത്തമ സമൂഹ സൃഷ്ടി ഖുര്‍ആനിന്‍റെ സ്വാധീനം വഴി മുസ്ലിം ലോകത്തിനു സാധ്യമായി. മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഖുര്‍ആനിക സന്ദേശത്തിന് പ്രസക്തിയേറുന്നുണ്ട്. ഖുര്‍ആന്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്തുക മാത്രമല്ല അത് പാലിക്കാന്‍ സജ്ജരായ ഒരു സമൂഹത്തെ സൃഷ്ടിക്കുക കൂടി ചെയ്തു. മനുഷ്യാവകാശ സംസ്ഥാപനത്തിന് നിലവില്‍ വന്ന അന്താരാഷ്‌ട്ര നിയമങ്ങള്‍ നോക്കുകുത്തിയാവുമ്പോള്‍, പ്രാകൃതമെന്നു ലോകം വിധിയെഴുതിയ ഒരു സമൂഹത്തെ ഖുര്‍ആന്‍ ഉത്തമ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച ചരിത്ര വസ്തുത എല്ലാവര്ക്കും പാഠമാണ്. മനുഷ്യന്റെ ഭക്തിക്കും ദൈവ വിശ്വാസത്തിനുമപ്പുറം അവന്റെ ദേശ-ഭാഷാ-വര്‍ണ്ണ വൈവിധ്യങ്ങളൊന്നും ഇസ്ലാമില്‍ പ്രസക്തമാവുന്നില്ല. ഇന്നും കറുത്ത വര്‍ഗ്ഗക്കാരെ അവജ്ഞയോടെ കാണുന്നവര്‍ കാണേണ്ടതും പഠിക്കേണ്ടതും ഇസ്ലാമിക ചരിത്രമാണ്‌. ചരിത്രത്തില്‍ അവഗണന നേരിടേണ്ടി വരുമായിരുന്ന കറുത്ത കാപ്പിരിയായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമിനെ 'ഞങ്ങളുടെ നേതാവേ' എന്ന് രണ്ടാം ഖലീഫ ഉമര്‍ ബന്‍ ഖതാബ്‌ വിളിച്ചത് ഇസ്ലാം പഠിപ്പിച്ച സമത്വത്തിന്റെ മകുടോദാഹരണമാണ്. 
യുദ്ധം നീതിയുടെ സംസ്ഥാപനത്തിന് മാത്രം അനുവദിച്ച ഖുര്‍ആന്‍ അക്രമത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. അബു ഗുരൈബും ഗ്വാണ്ടാനാമയും സൃഷ്ടിക്കുന്നവര്‍ക്ക് തടവുപുള്ളികളോട് നീതി ചെയ്യണമെന്നു നിഷ്കര്‍ഷിച്ച പ്രവാചക അധ്യാപനങ്ങളാണ് മാതൃകയാക്കേണ്ടത്. യുദ്ധവേളയില്‍ നീതി നിഷേധം നടന്നു എന്നതിന്റെ പേരില്‍ യുദ്ധ വിജയം റദ്ദു ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നും ഓണംപിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു.
ദുബൈ സുന്നി സെന്‍ററിന്‍റെ പ്രതിനിധിയായി എത്തിയ ഓണംപിള്ളി ഫൈസിയുടെ പ്രഭാഷണം ശ്രവിക്കാന്‍ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്. ജം-ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിനകത്തും പുറത്തുമായി സജ്ജീകരിച്ച ഇരിപ്പിടങ്ങള്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു.
യോഗം ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാംസ് & സ്റ്റഡീസ് യൂനിറ്റ് തലവന്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്‍റര്‍ പ്രസിടണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരുന്നു. എം.പി.മുസ്തഫല്‍ ഫൈസി, യു.എം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹാഷിം കുഞ്ഞി തങ്ങള്‍, പി.എ.അബ്ദുള്ള ഹാജി, ഇബ്രാഹിം എളെറ്റില്‍, യഹ്യ തളങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഷൌക്കത്തലി ഹുദവി നന്ദിയും പറഞ്ഞു