ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി 2013 ജനുവരി 10,11,12,13 തിയ്യതികളില്‍

പെരിന്തല്‍മണ്ണ : തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ സമാപനം വൈവിധ്യമായ പരിപാടികളോടെ 2013 ജനുവരി 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ നടത്താന്‍ ജാമിഅഃ നൂരിയ്യഃ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ജാമിഅഃ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്‌തു.
2011 ഡിസംബര്‍ 21ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം നിര്‍വ്വഹിച്ചത്‌. 2012 ജനുവരി 5,6,7,8 തിയ്യതികളില്‍ നടന്ന 49-ാം വാര്‍ഷിക സമ്മേളങ്ങളോടെയാണ്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ക്ക്‌ തുടക്കമായത്‌. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ സമുദായത്തിന്‍റെ നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികള്‍ ജാമിഅഃ നൂരിയ്യ വിഭാവനം ചെയ്‌ത്‌ നടപ്പാക്കികൊണ്ടിരിക്കുന്നു.
ജാമിഅഃ നൂരിയ്യക്ക്‌ സംസ്ഥാനത്തും പുറത്തുമായി 50 സഹസ്ഥാപനങ്ങള്‍ എന്ന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം ഇതിനകം തന്നെ ലക്ഷ്യത്തോടടുത്തു കഴിഞ്ഞു. ജാമിഅക്ക്‌ ദീര്‍ഘകാലം നേതൃത്വം നല്‍കിയ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ പേരില്‍ അന്താരാഷ്‌ട്ര നിലവാരത്തോടെ സ്ഥാപിക്കുന്ന ഇസ്‌ലാമിക്‌ സ്റ്റഡി സെന്‍ററാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ജൂബിലി പദ്ധതി. ബാഫഖി തങ്ങള്‍ സ്‌മാരക സ്‌കോളര്‍ഷിപ്പ്‌ പദ്ധതി, പൂക്കോയ തങ്ങള്‍ സ്‌മാരക ട്രൈനേഴ്‌സ്‌ ട്രൈനിംഗ്‌ സെന്‍റര്‍, ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച്‌ സെന്‍റര്‍, കോട്ടുമല ഉസ്‌താദ്‌ സ്‌മാരക അവാര്‍ഡുകള്‍, കെ.വി ബാപ്പുഹാജി മെമ്മോറിയല്‍ മഹല്ല്‌ മാനേജ്‌മെന്‍റ്‌ അക്കാദമി, മൈക്രോ ഫൈനാന്‍സിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇസ്‌ലാമിക്‌ ഡിസ്റ്റന്‍സ്‌ സ്‌കൂളിംങ്ങ്‌, ഗൈഡന്‍സ്‌ സെന്‍ററുകള്‍, കൗണ്‍സിലിംഗ്‌ പ്രോഗ്രാമുകള്‍, റിലീഫ്‌, ചാരിറ്റി, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ സംരംഭങ്ങള്‍ ശിഹാബ്‌ തങ്ങള്‍ സ്റ്റഡി സെന്‍ററിന്‌ കീഴില്‍ പ്രവര്‍ത്തിക്കും.
ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ കുരുന്നുകൂട്ടം കരിയര്‍പ്ലാന്‍ പദ്ധതികള്‍, ഇന്ത്യക്കകത്തും പുറത്തുമായി വിവിധ കാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള 50 സമ്മേളനങ്ങള്‍, ജാമിഅ നൂരിയ്യയുടെ സ്ഥാപകര്‍, ഉസ്‌താദുമാര്‍, നേതാക്കള്‍ തുടങ്ങിയവരെ അനുസ്‌മരിക്കുന്ന 50 ചടങ്ങുകള്‍, 50 ഫൈസി പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ ഗോള്‍ഡന്‍ ജൂബിലയുടെ ഭാഗമായി നടക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മത-രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ക്കു പുറമെ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പണ്ഡിത പ്രമുഖരും ഉന്നത വ്യക്തികളും വിവിധ പരിപാടികളില്‍ സംബന്ധിക്കും.
സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, എന്‍ സൂപ്പി, എം.സി മായിന്‍ ഹാജി, പി. അബ്‌ദുല്‍ ഹമീദ്‌, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, കല്ലടി മുഹമ്മദ്‌, കട്ടുപ്പാറ അബു ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, . ഉമറുല്‍ ഫാറൂഖ്‌ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.