2012 ഏപ്രില്‍ 18ന്‌ മംഗലാപുരം നെഹ്‌റു മൈതാനത്ത്‌ നടന്ന SKSSF വിമോചനയാത്ര ഉദ്‌ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നടത്തിയ വിമോചന പ്രഖ്യാപനം

സൃഷ്‌ടികളില്‍ ഏറ്റവും മഹത്വം നല്‍കപ്പെട്ടവരാണ്‌ മനുഷ്യര്‍. ഭയഭക്തിയും ആത്‌മീയ ചിന്തയുമാണ്‌ മനുഷ്യരെ ഉന്നതനാക്കുന്നത്‌. ആധ്യാത്‌മിക ജീവിതത്തിലൂടെ ഉന്നതി പ്രാപിച്ച മഹാരഥന്‍മാരാണ്‌ ലോകത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ നേതൃത്വം നല്‍കിയത്‌. അവരുടെ ആത്മീയ ജീവിതത്തിന്‍റെ പ്രകാശമാണ്‌ മുസ്‌ലിം ലോകത്തെ നവോല്‍കര്‍ഷത്തിന്‍റെ നിദാനം.
ആധുനിക ലോകത്ത്‌ മനുഷ്യന്‍ അനുഭവിക്കുന്ന മന:സംഘര്‍ഷങ്ങള്‍ക്കും സാമൂഹ്യ അസ്വസ്ഥതകള്‍ക്കുമുള്ള പരിഹരം ആത്‌മീയതയിലേക്കുള്ള മടക്കമാണ്‌. ഭൗതിക അതിപ്രസരത്തിനിടയില്‍ മത ധാര്‍മിക മൂല്യങ്ങള്‍ നഷ്‌ടപെടുത്തിയതിന്‍റെ ദുരന്തങ്ങള്‍ക്കാണ്‌ ലോകം ഇന്ന്‌ സാക്ഷിയായികൊണ്ടിരിക്കുന്നത്‌. എന്നാല്‍ വര്‍ത്തമാന സമസ്യകളില്‍ നിന്ന്‌ പാഠമുള്‍കൊണ്ട്‌ ആത്മീയതക്ക്‌ ദാഹിക്കന്ന പുതുതലമുറ ലോകത്ത്‌ നിരന്തരം ഉദയം ചെയ്‌തുകൊണ്ടിരിക്കുയാണ്‌.
മനുഷ്യന്‍റെ ആത്മീയ ദാഹത്തെ ചൂഷണങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി ദുരുപയോഗം ചെയ്‌തവരും ആത്‌മീയതയെ തന്നെ പൂര്‍ണമായി തിരസ്‌കരിച്ചവരും ചരിത്രത്തിലുണ്ടായിട്ടുണ്ട്‌. ഇത്‌ രണ്ടും ഇസ്‌ലാമിന്‌ അന്യമായ പ്രവര്‍ത്തനമാണ്‌. ഇതിനെ പ്രതിരോധിക്കുന്നതോടൊപ്പം ഇസ്‌ലാം വിഭാവന ചെയ്യുന്ന, മുസ്‌ലിം ലോകം അംഗീകരിച്ചുവരുന്ന സംശുദ്ധമായ ആത്‌മീയതയെ സമൂഹത്തില്‍ അവതരിപ്പിക്കേണ്ടത്‌ നമ്മുടെ നിര്‍ബന്ധ ബാധ്യതയാണ്‌.
അടുത്ത കാലത്തായി പ്രവാചകന്‍റെ പേരില്‍ പോലും സാമ്പത്തിക ചൂഷണം നടത്താനും അതിനു വേണ്ടി പ്രവാചക നിന്ദവരെ നടത്താനും ചിലര്‍ ധാര്‍ഷ്‌ഠ്യം കാണിച്ചു. ലോകത്ത്‌ ഇസ്‌ലാമിനെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും പുസ്‌തക രചന നടത്തുകയും ചെയ്‌തവരില്‍ മാത്രം കണ്ട്‌ വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതത്തിന്‍റെ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായത്‌ ഖേദകരമാണ്‌. പ്രവാചക കേശമെന്ന വാദത്തിന്‍റെ നിജസ്ഥിതി കൃത്യമായി അന്വേഷിച്ച്‌ അത്തരം സാമ്പത്തിക തട്ടിപ്പുകളെ സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്‌ സാധിച്ചിട്ടുണ്ട്‌. പ്രവാചക കേശമെന്ന്‌ അവകാശപ്പെടുമ്പോള്‍ തന്നെ അതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ ഒരു തെളിവും ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ഇന്ന്‌വരെ സാധിച്ചിട്ടില്ല. അത്‌കൊണ്ട്‌ തന്നെ ഇസ്‌ലാമിന്‍റെയും പ്രവാചകന്‍റെയും പേരില്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളെയും ചൂഷണങ്ങളെയും SKSSF ഒരിക്കലും അനുവദിക്കുകയില്ല.
മതത്തിന്‍റെ പേരില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളില്‍ നിന്ന്‌ വിശ്വാസികളെ മോചിപ്പിക്കാനാണ്‌ SKSSF വിമോചന യാത്ര സംഘടിപ്പിക്കുന്നത്‌ എന്ന്‌ ഇവിടെ പ്രഖ്യാപിക്കുകയാണ്‌. സമാന സ്വഭാവത്തില്‍ ചൂഷണങ്ങളുമായി നടക്കുന്ന ആള്‍ദൈവങ്ങള്‍, വ്യാജ ശൈഖുമാര്‍, കപട ആത്‌മീയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ തുടങ്ങിയവയെയും സമൂഹം തിരിച്ചറിയണം. മുസ്‌ലിം സമുദായത്തെ സമൂഹമധ്യേ അപമാനിക്കും വിധം നടന്ന്‌ വരുന്ന ഇത്തരം മത വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഈ വിമോചന യാത്രയിലൂടെ പിടിച്ചുകെട്ടുക തന്നെചെയ്യും. സമുദായത്തിലെ ഓരോ അംഗത്തിന്‍റെയും പിന്തുണയും ആത്മാര്‍ത്ഥ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന്‌ ഞങ്ങള്‍ക്ക്‌ പ്രത്യാശയുണ്ട്‌.