കാന്തപുരം നടത്തുന്നത് പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി: ബഹാഉദ്ദീന് നദ് വി


കൂരിയാട്: പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് അഹ്മദ് ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ് കൈമാറ്റ ശൃഖലാ രേഖയെന്ന് തട്ടിവിട്ട് വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ് വെളിച്ചത്തു വന്ന് സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ് തുടരുകയും ചെയ്യുന്നത് പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു. 
പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആരു രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ മുടിയുടെ സനദ് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ വക്താക്കള്‍ തിരുകേശം എന്ന് ആവര്‍ത്തിച്ച് ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത് നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്. സമൂഹം ഈ കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട് തര്‍ക്കത്തിനില്ലെന്ന് പറയുന്നത് വിചിത്രമായ തമാശയാണ്. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്ടിച്ചു കൊടുത്തതും പ്രാമാണികവും നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം തന്നെയാണ്. ഈ മഹാ പാതകത്തില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി സമൂഹത്തോട് ഇയാള്‍ മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.