സമസ്‌ത 85-ാം വാര്‍ഷികം; ക്വിസ്‌ മത്സരങ്ങള്‍ 10ന്‌ തുടങ്ങും

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ 9096 മദ്‌റസകളിലെ 10,86,860 വിദ്യാര്‍ത്ഥികള്‍ക്ക്‌ പങ്കെടുക്കാവുന്ന ക്വിസ്‌ മത്സരം 2012 ജനുരി 10 മുതല്‍ 15 വരെ തിയ്യതികളില്‍ നടക്കും. സംഘടനയും പഠനവും സംയോചിപ്പിച്ച്‌ തയ്യാറാക്കിയ 12 ചോദ്യങ്ങള്‍ ജനുവരി ലക്കം `അല്‍മുഅല്ലിം' മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇതേ കാലയളവില്‍ 20 ലക്ഷം കുടുംബിനികള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയ ക്വിസ്‌ മത്സര പരിപാടിയും നടക്കുന്നുണ്ട്‌. കുടുംബം, ചരിത്രം, മാതൃകാ മഹിളകള്‍ എന്നിവയെ ആധാരമാക്കി 12 ചോദ്യാവലി ജനുവരി ലക്കം `അല്‍മുഅല്ലിം' മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
വിജയികളാവുന്ന മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏ്രപാദേശിക കമ്മിറ്റികള്‍ കാശ്‌ അവാര്‍ഡും, കുടുംബിനികള്‍ക്ക്‌ സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാ പഠിതാക്കള്‍ക്കും കുടുംബിനികള്‍ക്കും അവസരം ഉണ്ടാക്കുന്നതിന്‌ ചോദ്യാവലികള്‍ കോപ്പി എടുത്ത്‌ നല്‍കുന്നതിനും പള്ളി-മദ്‌റസാ നോട്ടീസ്‌ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മത്സര ചുമതല മദ്‌റസാ സദ്‌ര്‍ മുഅല്ലിമിന്റെയും മാനേജിംഗ്‌ കമ്മിറ്റിയുടെയും മേല്‍നോട്ടത്തില്‍ മദ്‌റസാ അധ്യാപകര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.
ഇത്‌ സംബന്ധിച്ച്‌ ചേര്‍ന്ന സ്വാഗതസംഘം പ്രചാരണ സമിതി യോഗത്തില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, പിണങ്ങോട്‌ അബൂബക്കര്‍ സംബന്ധിച്ചു.