മതസംഘടനകളെ ഉപേദശിക്കാന്‍ മാത്രം രാഷ്‌ട്രീയക്കാര്‍ വളര്‍ന്നിട്ടില്ല : SYS

കാസര്‍കോട്‌ : കലക്ക്‌ വെളളത്തില്‍ മീന്‍പിടിക്കാന്‍ അവസരം പാര്‍ത്ത്‌ നില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന്‌ വിലയെറിഞ്ഞ്‌ കൊടുക്കുന്നതുകൊണ്ട്‌ യൂത്ത്‌ലീഗ്‌ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന വസ്‌തുതക്ക്‌ നിരക്കാത്തതും അപക്വവും പത്രകോളങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വേണ്ടിയും മുസ്ലീം ലീഗിന്റെ പൂര്‍വ്വകാല നേതാക്കളുടെ ചരിത്രം പഠിക്കാത്തത്‌ കൊണ്ടുമാണെന്ന്‌ SYS കാസര്‍കോട്‌ ജില്ലാപ്രിസഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ്‌ ഫൈസി പുത്തിഗെ എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ പറഞ്ഞു. പൊതുസമ്മതനായ ഒരു എം.എല്‍.എ യെ പൊതുജനങ്ങള്‍ക്ക്‌ ഇടയില്‍ വിലകുറച്ച്‌ കാണിക്കാന്‍ വിഘടിതര്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ തന്റേടം കാണിക്കാത്തവര്‍ മതസംഘടനയ്‌ക്ക്‌ എതിരെ കുതിര കയറുന്നത്‌ വിരോധാഭാസമാണ്‌. മതസംഘടനയിലും രാഷ്‌ട്രീയത്തിലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ എം.എല്‍.എ മാരായാലും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും തീരുമാനിക്കുന്നതിനും പറയുന്നതിനും ആരുടെയും സമ്മതപത്രം ആവശ്യമില്ല. വിവാദകേശത്തിന്റെ പേരില്‍ വഞ്ചിതരാകരുതെന്നും ചവിട്ടുകൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പള്ളിയുടെ പേരില്‍ പിരിച്ചെടുത്ത പണം ജനങ്ങള്‍ക്ക്‌ തിരിച്ചുകൊടുക്കണമെന്ന്‌ പ്രസ്ഥാവിച്ച ഹൈദരലി ശിഹാബ്‌ തങ്ങളും; മുസ്ലീം ലീഗും സമസ്‌തയും തമ്മില്‍ അഭേധ്യമായ ബന്ധമാണുള്ളതെന്നും അത്‌ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കില്ലായെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി പല തവണ നടത്തിയ പ്രസ്ഥാവന ലീഗ്‌ നേതാക്കള്‍ സമസ്‌തയെ അംഗീകരിക്കുന്നതിനുളള തെളിവാണ്‌. ഇതിനെതിരെ പ്രതികരിക്കാന്‍ ഒരൊറ്റ വിഘടിതരോ പ്രസ്ഥാവനയിറക്കുന്ന യൂത്ത്‌ലീഗുക്കാരോ രംഗത്ത്‌ വന്നിട്ടില്ല. മാത്രമല്ല അവരിന്ന്‌ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരും മന്ത്രിമാരുമൊക്കെയായത്‌ വത്തക്കരാഷ്‌ട്രീയം ചമയുന്ന വിഘടിതര്‍ക്ക്‌ ഓശാനം പാടിയതുക്കൊണ്ടുമല്ല. മതസംഘടനകള്‍ ഐക്യപ്പെടണമെന്ന്‌ പറയുന്നവര്‍ സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കിയവരെ ആദ്യം ഒറ്റപ്പെടുത്തും. ഒരേസമയത്ത്‌ മതസംഘടനയുടേയും രാഷ്‌ട്രീയ പാര്‍ട്ടിയുടേയും നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഒരു കാര്യം സംഘടനാവേദിയില്‍ പറഞ്ഞാല്‍ സംഘടനാപരമായ അഭിപ്രായമാണെന്നും രാഷ്‌ട്രീയവേദിയില്‍ പറഞ്ഞാല്‍ രാഷ്‌ട്രീയപരമായ അഭിപ്രായമാണെന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അല്‍പജ്ഞാനികള്‍ നേതൃസ്ഥാനത്ത്‌ വരുന്നത്‌ അപഹാസ്യമാണെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

- അബ്ബാസ്‌ ഫൈസി പുത്തിഗ, ജനറല്‍ സെക്രട്ടറി SYS കാസര്‍കോഡ്‌ ജില്ലാകമ്മിറ്റി