ഖാസി കേസ്‌ : SKSSF ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്നു

കാസര്‍കോട്‌ : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി കക്ഷിച്ചേര്‍ന്നതായി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വാസ്‌തവ വിരുദ്ധമാണെന്നും ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യം പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപിച്ച SKSSF ന്റെ നേതാക്കളോട്‌ ആരോപണത്തിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ സംശയകരമായ മേഖലകളില്‍ അന്വേഷണം നടത്താനോ തയ്യാറാകാത്ത സി.ബി.ഐ യുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌ അപൂര്‍ണ്ണമാണ്‌. SKSSF നേതാക്കള്‍ക്ക്‌ പറയാനുളളത്‌ കേള്‍ക്കണമെന്നും ജില്ലാനേതാക്കളെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ എന്തിന്‌ ഭയക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിട്ടില്‍ SKSSF ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. അതിനെ നിയമപരമായി നേരിടുന്നതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ തുടരാനും കേസുമായി ബന്ധപ്പെട്ട്‌ പ്രാഥമികമായ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ഒത്താശ ചെയ്‌തുകൊടുക്കുകയും ചെയ്‌ത പോലീസുദ്യോഗസ്ഥരെ കേസില്‍ പ്രതിയാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാന്‍ SKSSF ജില്ലാകമ്മിറ്റി തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു.