ജാമിഅ മില്ലിയ്യ ഇസ്‍ലാമിയക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രം; കേന്ദ്ര മന്ത്രിക്ക് SKSSF നിവേദനം

പെരിന്തല്‍മണ്ണ : പ്രശസ്ത കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യയുടെ വിവിധ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SKSSF സംസ്ഥാന കമ്മിറ്റി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലിന് നിവേദനം നല്‍കി. ദേശീയ തലത്തില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ജാമിഅമില്ലിയ്യയില്‍ 10 ഫാക്കല്‍റ്റികളും 30 ഡിപ്പാര്‍ട്ട്മെന്‍റുകളും 300 ല്‍ പരം കോഴുസകളുമായി വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രകടനമാണ് ജാമിഅമില്ലിയ്യ കാഴ്ചവെച്ചിട്ടുള്ളത്. പ്രവേശന പരീക്ഷക്കു വേണ്ടി ഓരോ വര്‍ഷവും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. യാത്രാ താമസ സൗകര്യത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. ഇതിന് പരിഹാരമെന്നോണം കേരളത്തില്‍ അടിയന്തിരമായി പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര സഹമന്ത്രി ഇ.അഹ്‍മദ്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറസാഖ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, .ടി. ബശീര്‍ എം.പി. എന്നിവര്‍ക്കും SKSSF നിവേദനം നല്‍കി.
ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബശീര്‍ പനങ്ങാങ്ങര, ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്‍റ് അഡ്വ. പി.കെ. ഫൈസല്‍, ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മേഖലാ സെക്രട്ടറി ഷാസാദ് നശീം കരിങ്കല്ലത്താണി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
- സഈദ് ആനക്കര