സി.ബി.ഐ. റിപ്പോര്‍ട്ട്‌ വാര്‍ത്ത അവിശ്വസനീയം : സമസ്‌ത

കോഴിക്കോട്‌ : ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക സി.എം.അബ്‌ദുള്ള മുസ്‌ലിയാരുടെ മരണ കാരണമന്വേഷിച്ച സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചതായി പറയപ്പെടുന്ന റിപ്പോര്‍ട്ട്‌ തികച്ചും അവിശ്വസനീയമാണെന്നും, സത്യസന്ധരും, അന്വേഷണമികവു തെളിയീച്ചവരുമായ ഉദ്യോഗസ്ഥരെ വെച്ച്‌ ശരിയായ അന്വേഷണം നടത്തണമെന്നും സമസ്‌ത നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ലോക്കല്‍ പോലീസിന്റെയും, ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ശരിയായ ദിശയില്‍ നടത്താതിരിക്കുകയും അന്വേഷണം തിരിച്ചുവിടാന്‍ ചിലര്‍ രംഗത്ത്‌ സജ്ജീവമാവുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കേസ്‌ സി.ബി.ഐക്ക്‌ വിടാന്‍ സമസ്‌തയും, നിഷ്‌പക്ഷമതികളും ആവശ്യപ്പെട്ടത്‌. എന്നാല്‍ സി.ബി.ഐ തുടക്കംമുതല്‍ ലോക്കല്‍ പോലീസിന്‌ സഹായക മായവിധം അന്വേഷണം നടത്താനാണ്‌ ശ്രമിച്ചത്‌. ഇത്‌ മുന്‍വിധിയോടെയാ ണെന്ന്‌ പരാതിയും ഉയര്‍ന്നിരുന്നു. മുന്‍ ഫയലുകള്‍ പകര്‍ത്തിവെച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയാണ്‌ സി.ബി.ഐ എന്ന്‌ സംശയവും ഉയര്‍ന്നു വന്നിരുന്നു. സമഗ്രവും, ശാസ്‌ത്രീയവുമായ അന്വേഷണങ്ങള്‍ എന്തുകൊണ്ടോ സി.ബി.ഐ നടത്തിയിരുന്നില്ല. ആകയാല്‍ മികച്ച ഉദ്ദ്യോഗസ്ഥരെ വെച്ച്‌ സത്യസന്ധമായി അന്വേഷിക്കണമെന്ന്‌ നേതാക്കള്‍ പറഞ്ഞു. ചില ചാനലുകള്‍ നല്‍കിയ വാര്‍ത്ത ശരിയാണെങ്കില്‍ തുടര്‍ നടപടി പിന്നീട്‌ തീരുമാനിക്കുമെന്നും അവിശ്വസനീയമായ മേല്‍ റിപ്പോര്‍ട്ട്‌ പൊതു സമൂഹം പൂര്‍ണ്ണമായും നിരാഗരിക്കുമെന്നും സത്യം പുറത്ത്‌ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.