പൈതൃകം മറക്കുന്ന സമൂഹത്തിന്‌ ഭാവിയില്ല : സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം : ഏതൊരു സമൂഹത്തിന്റെയും നിലനില്‍പ്പും ഭാവിയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം പൈതൃക ബദ്ധമാണെന്നും വിശുദ്ധ ഇസ്‌ലാമി സംസ്‌കാരത്തില്‍ ഈ രീതിശാസ്‌ത്രം വിശ്വാസ-ആചാര-പരിസരങ്ങളില്‍ പ്രകടമാണെന്നും പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ആര്‍ജ്ജിച്ചെടുത്ത കരുത്തും, കര്‍മ്മ ശേഷിയും നമ്മുടെ പാരമ്പര്യങ്ങളുമായി ബന്ധിച്ചു നില്‍ക്കുന്നു. മാലിക്‌ ബ്‌നു ദീനാറിലൂടെ മഖ്‌ദൂമി പണ്ഡിതരിലൂടെ കേരളം പരിചയിച്ചറിഞ്ഞ വിശ്വാസ സംഹിതയുടെ സംരക്ഷണമേറ്റടുത്ത സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിപകരാന്‍ വിശ്വാസികള്‍ കടമപ്പെട്ടവരാണെന്നും തങ്ങള്‍ പ്രസ്‌താവിച്ചു.

സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം ചേളാരി സമസ്‌താലയത്തില്‍ ശംസുല്‍ ഉലമാ നഗറില്‍ സംഘടിപ്പിച്ച റൈഞ്ച്‌ സാരഥി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, മുഹമ്മദ്‌ കോയ ജമുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പി.പി.മുഹമ്മദ്‌ ഫൈസി പ്രസംഗിച്ചു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.