ക്രസന്റ്‌ ബോര്‍ഡിംഗ്‌ മദ്‌റസ മാനേജര്‍ പി.കെ. മുഹമ്മദ്‌ ഹാജിയെ ആദരിക്കും

ചേളാരി : 1970ല്‍ പട്ടിക്കാട്‌ ജാമിഅ: നൂരിയ്യാ അറബിക്ക്‌ കോളേജില്‍ തുടക്കം കുറിച്ച ബോര്‍ഡിംഗ്‌ മദ്‌റസ ചേളാരിയിലേക്കും പിന്നീട്‌ വെളിമുക്കിലേക്കും മാറ്റി സ്ഥാപിച്ച കേരളത്തില്‍ പ്രഥമ ബോര്‍ഡിംഗ്‌ മദ്‌റസയാണ്‌ ക്രസന്റ്‌. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ക്രസന്റ്‌ റസിഡന്‍ഷ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി മദ്‌റസ, ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, വരക്കല്‍ പബ്ലിക്ക്‌ സ്‌കൂള്‍, വി.ജെ.പള്ളി എ.എം.യു.പി.സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ചു കലാലയങ്ങളും 3672 വിദ്യാര്‍ത്ഥികളും പഠനം നടത്തുന്നു. 296 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹോസ്റ്റല്‍ സൗകര്യവും ഉണ്ട്‌. അദ്ധ്യാപകരും, അനദ്ധ്യാപകരും ഉള്‍പ്പെടെ 242 പേര്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. പാണക്കാട്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ മത-രാഷ്‌ട്രീയ സാമൂഹ്യ നേതാക്കള്‍ സ്ഥാപനത്തില്‍ പഠിച്ചവരാണ്‌. 1971ല്‍ മാന്നാര്‍ അബ്‌ദുല്‍ഖാദര്‍ ഹാജി നിയമിച്ച ആലപ്പുഴ സ്വദേശിയായ ഹാജി പി.കെ. മുഹമ്മദ്‌ താമസിയാതെ സ്ഥാപനത്തിന്റെ മാനേജറായി നിയമിതനായി. മത-ഭൗതിക വിദ്യാഭ്യാസവും മികച്ച നിലയില്‍ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ബോര്‍ഡിംഗ്‌ മദ്‌റസയായ ക്രസന്റ്‌ പാഠ്യേത്തര വിഷയങ്ങളിലും മികവ്‌ പുലര്‍ത്തുന്നു. ഹാജി പി.കെ.മുഹമ്മദിന്റെ നാല്‍പ്പത്‌ വര്‍ഷത്തെ പ്രശസ്‌ത സേവനം പരിഗണിച്ച്‌ സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തില്‍ ക്യാഷ്‌അവാര്‍ഡും, പ്രശസ്‌തി പത്രവും നല്‍കാന്‍ ക്രസന്റ്‌ ബോര്‍ഡിംഗ്‌ മദ്‌റസ മാനേജിംഗ്‌ കമ്മിറ്റി തീരുമാനിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, വി.ഇ.മോയി മോന്‍ ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, എസ്‌.എം.ജിഫ്രി തങ്ങള്‍, എം.സി.മായില്‍ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, പി.പി.മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, കുട്ടിഹസ്സന്‍ ദാരിമി, ഡോ: എന്‍.എ.എം.അബ്‌ദുല്‍ ഖാദര്‍, ഡോ: യു.വി.കെ.മുഹമ്മദ്‌, സി.കെ.അബ്‌ദു മുസ്‌ലിയാര്‍, ചേലേമ്പ്ര അബ്‌ദുല്‍ഖാദര്‍ ഹാജി, വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, എസ്‌.കെ. ഹംസ ഹാജി പെരുമ്പ, പിണങ്ങോട്‌ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.