മദ്രസ്സാ കാലം ഓര്‍മ്മപ്പെടുത്തി ബഹ്‌റൈന്‍ സമസ്‌തയുടെ വയോജന ഖുര്‍ആന്‍ ക്ലാസ്സ്‌ സജീവമാകുന്നു

ബഹ്‌റൈന്‍ സമസ്‌ത നടത്തുന്ന വയോജനങ്ങള്‍ക്കുള്ള ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബൂബക്കര്‍ വൈക്കിലശ്ശേരിക്ക്‌ സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി അലി മുസ്‌ ലിയാര്‍ സമ്മാനം നല്‍കുന്നു. ഉസ്‌താദ്‌ അബ്‌ദു റസാഖ്‌ നദ്‌ വി സമീപം
മനാമ: ബാല്യകാലത്തെ മദ്രസ്സാ പഠനകാലം ഓര്‍മ്മപ്പെടുത്തി മനാമ സമസ്‌താലയത്തിലെ കേന്ദ്ര മദ്രസ്സാ ഹാളില്‍ രാത്രി നടക്കുന്ന വയോജനങ്ങള്‍ക്കായുള്ള ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ സജീവമാകുന്നു.
രാത്രി ജോലികളവസാനിപ്പിച്ച്‌ എല്ലാവരും റൂമിലേക്ക്‌ നീങ്ങുമ്പോള്‍ ഇവിടെ ഒരു പറ്റം വിജ്ഞാന ദാഹികള്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനായി ഒത്തു കൂടുകയാണ്‌. രാത്രി 9 മണിക്ക്‌ ശേഷം മനാമ ഗോള്‍ഡ്‌ സിറ്റിക്കു സമീപം പ്രവര്‍ത്തിക്കുന്ന സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലാണ്‌ വയോജനങ്ങള്‍ക്കുള്ള ക്ലാസ്സുകള്‍ നടക്കുന്നത്‌.
പ്രധാനമായും വിശുദ്ധ ഖുര്‍ആന്റെ പാരായണ ശാസ്‌ത്ര(തജ്‌വീദ്‌) ത്തില്‍ അവഗാഹം നല്‍കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പഠന ക്ലാസ്സുകള്‍ ഹിജ്‌റ പുതുവര്‍ഷവും പവിത്രമാസമായ മുഹര്‌റവും പിറന്നതോടെ കൂടുതല്‍ സജീവമായിരിക്കുകയാണ്‌. ഉസ്‌താദ്‌ അബ്‌ദു റസാഖ്‌ നദ്‌ വിയും ലത്വീഫ്‌ ചേരാപുരവുമാണ്‌ ക്ലാസ്സുകള്‍ക്കിപ്പോള്‍ നേതൃത്വം നല്‍കുന്നത്‌.
ഖുര്‍ആനിലെ ഓരോ അദ്ധ്യായങ്ങളും തീരുന്ന മുറക്ക്‌ ഇവര്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ തിരിച്ചുള്ള വാശിയേറിയ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്‌.
കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആദ്യ ഗ്രൂപ്പില്‍ അബൂബക്കര്‍ വൈക്കിലശ്ശേരി, സാജിദ്‌ അരൂര്‍, അബ്‌ദുറഹ്‌ മാന്‍ മയ്യന്നൂര്‍ എന്നിവരും രണ്ടാം ഗ്രൂപ്പില്‍ ജസീര്‍ മയ്യന്നൂര്‍, ഷംസുദ്ധീന്‍ പാനൂര്‍, അറഫാത്ത്‌ എന്നിവരും ജേതാക്കളായി.
വിജയികള്‍ക്കുള്ള സമ്മാന ദാനം ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി അലി മുസ്‌ ലിയാര്‍ നിര്‍വഹിച്ചു. ക്ലാസ്സിനെ കുറിച്ചറിയാനും കൂടുതല്‍ വിവരങ്ങള്‍ക്കും 34043681 ല്‍ ബന്ധപ്പെടാം.