സമസ്ത സമ്മേളനം; 85 മാതൃകാ മഹല്ലുകളെ എസ്.എം.എഫ്. ആദരിക്കും

അപേക്ഷാഫോറം ജില്ലാ ഘടകങ്ങള്‍ മുഖേനെ ലഭിക്കും
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85ാം വാര്‍ഷിക മഹാ സമ്മേളന നഗരിയില്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 85 മഹല്ലുകളെ ആദരിക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
85 ചോദ്യാവലികളടങ്ങിയ അപേക്ഷാഫോറം ജില്ലാ ഘടകങ്ങള്‍ മുഖേനെ മഹല്ലുകളില്‍ വിതരണം നടത്തുവാനും 2012 ജനുവരി 10നകം അപേക്ഷകള്‍ സ്വീകരിച്ച് സ്‌കൂട്ടിനിംഗ് കമ്മിറ്റിക്ക് നല്‍കാനും തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മഹല്ല് കമ്മിറ്റിക്ക് സമസ്ത മഹാസമ്മേളനത്തില്‍ ആദരം നല്‍കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.എം ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ 'മാതൃകാ മഹല്ല്' തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രൊജക്ടും പി.പി മുഹമ്മദ് ഫൈസി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഡോ.ബാഹുഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.ശാഫി ഹാജി, കെ.എം സൈതലവി ഹാജി, ഹാജി കെ.മമ്മദ് ഫൈസി, അരിമ്പ്ര ബാപ്പു, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, എടപ്പാള്‍ പി.വി മുഹമ്മദ് മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, സി.എച്ച് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, കെ.ഇബ്രാഹീം മുസ്‌ലിയാര്‍, കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.എ.സി കുട്ടി ഹാജി, പി.ഉമര്‍ ഹാജി, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ടി.കെ പരീക്കുട്ടി ഹാജി, കെ.കെ മുഹമ്മദ് ഹാജി, എ.കെ ആലിപറമ്പ്, എസ്. കെ ഹംസ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.