ബാബരി ധ്വംസനത്തിന്‍െറ 19ാം വാര്‍ഷികം ഇന്ന്

രാജ്യത്തിന്റെ മതേതരഘടനക്ക് മാരക പ്രഹരം ഏല്‍പിച്ച ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് ഇന്നേക്ക് 19 വര്‍ഷം.
രണ്ടുപതിറ്റാണ്ട് നീളുന്ന നീതിനിഷേധം
ബാബരി മസ്ജിദ് ധ്വംസനത്തിന് പത്തൊമ്പത് ആണ്ട് തികയുന്നു. മാനവികതക്കെതിരായ ആ കൊടിയ അതിക്രമത്തിന്‍െറ കെടുതികളില്‍നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഇന്നും ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികത്തിന് ഭരണകൂടം രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശവും ഭദ്രവുമാക്കുന്നു. മുന്‍കരുതല്‍ അറസ്റ്റുകളും മുക്കുമൂലകള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളും സജീവമാക്കുന്നു. രണ്ടു ദശകത്തിനുശേഷം ഇന്നും ഈ ദിനത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യമായൊരു പങ്ക് സര്‍ക്കാറിന്‍െറ ഈ അതിജാഗ്രതാനീക്കങ്ങള്‍ക്കാണ് എന്നുപറയാം.
എന്നാല്‍, ക്രമസമാധാനത്തെ ചൊല്ലിയുള്ള ഈ തത്സമയ കാടിളക്കല്‍ കഴിച്ചാല്‍ രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകരാതെ കാക്കുന്നതിലും സമൂഹഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും ഭരണകൂടം എന്തു ചെയ്യുന്നു? ബാബരിമസ്ജിദ് ധ്വംസനത്തിന്‍െറ വിഷയത്തില്‍ ഇന്നോളമുണ്ടായ നടപടികളും നീക്കങ്ങളും പരിശോധിച്ചാല്‍ ഉത്തരം ആശ്വാസകരമല്ല, ആശങ്കാജനകം കൂടിയാണ്. മസ്ജിദ് തകര്‍ത്തേ അടങ്ങൂ എന്ന വാശിയില്‍ മുന്നിട്ടിറങ്ങിയ സംഘ്പരിവാറില്‍ നിന്നു പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. പ്രഖ്യാപിത നിലപാടില്‍നിന്നു കടുകിട പിന്മാറാതെ, മുന്‍നിശ്ചയപ്രകാരം അവര്‍ പള്ളി പൊളിച്ചു. എന്നാല്‍, ഭരണ-രാഷ്ട്രീയതലങ്ങളില്‍ ഈ ഹിംസാത്മകരാഷ്ട്രീയത്തിനെതിരെ പ്രത്യക്ഷനിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പരോക്ഷമായി വിധ്വംസകശക്തികളെ പിന്തുണക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച അബദ്ധം രാജീവ്ഗാന്ധി വരെ ഒരേമട്ടില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സര്‍ദാര്‍ പട്ടേലും ഗോവിന്ദ വല്ലഭ പന്തും തുടങ്ങിയ കള്ളക്കളികളുടെ അവസാനകള്ളി കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറയും പ്രധാനമന്ത്രിയുടെയും പദത്തിലിരുന്ന് പി.വി. നരസിംഹറാവു പൂരിപ്പിച്ചു. പള്ളി തിരിച്ചുപിടിക്കുന്നതിനു വേണ്ടിയുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി തകര്‍ക്കുമെന്ന പ്രഖ്യാപനവുമായി വര്‍ഗീയവൈതാളികള്‍ രംഗത്തെത്തിയതും പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചതും. തുടര്‍ന്ന് രാജ്യം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. മസ്ജിദ്ധ്വംസനത്തിലൂടെ വിണ്ടുകീറിയ സാമൂഹികബന്ധങ്ങള്‍ തുടര്‍ന്നുണ്ടായ ഭീകരമായ വര്‍ഗീയകലാപങ്ങളിലൂടെ ഛിന്നഭിന്നമായി. രാജ്യവ്യാപകമായിതന്നെ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.
കാര്യങ്ങള്‍ കൈവിട്ടുകളഞ്ഞപ്പോള്‍ നാടൊട്ടുക്കും പിന്നീട് ഉയര്‍ന്ന മുറവിളി അപരാധത്തിന് അതിവേഗം പ്രായശ്ചിത്തം ചെയ്യുക എന്നതായിരുന്നു. ഈ ദിശയില്‍ അനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ആദിനാളുകളില്‍ ഭരണകൂടത്തിന്‍െറയും അതിനെ നയിച്ച കോണ്‍ഗ്രസിന്‍െറയും ഭാഗത്തു നിന്നുണ്ടായി. എന്നാല്‍, പ്രായോഗികനീക്കങ്ങളൊന്നും നടന്നില്ല. അതിന് കോണ്‍ഗ്രസ് ഒടുക്കേണ്ടി വന്ന വിലയായിരുന്നു ഉത്തരേന്ത്യയിലെ തുടര്‍ച്ചയായ ശക്തിക്ഷയം. ചില തിരുത്തുകള്‍ക്ക് പാര്‍ട്ടി പിന്നീട് സന്നദ്ധമായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, മസ്ജിദ് ധ്വംസനത്തിന്‍െറ ഉത്തരവാദികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനോ വര്‍ഗീയവൈര നിര്യാതനത്തിന്‍െറ ഇരകളായ സമുദായത്തിന് സംഭവിച്ച നഷ്ടം നികത്തുന്നതിനോ ശ്രമമുണ്ടായില്ല. പതിറ്റാണ്ടിലേറെ പിന്നിട്ടശേഷം കോണ്‍ഗ്രസിനുവേണ്ടി അധ്യക്ഷ സോണിയഗാന്ധി മുസ്ലിംകളോട് മാപ്പുചോദിച്ചതാണ് ഈ വിഷയകമായ പറയത്തക്ക പുരോഗതി. പരിഹാരനിര്‍ദേശം കോടതി പറയുമെന്നു കരുതിയിരിക്കെ അലഹബാദ് ഹൈകോടതിയുടെ തീര്‍പ്പും നിരാശപ്പെടുത്തി. പിന്നീട് ആ വിധിക്ക് സുപ്രീംകോടതി സ്റ്റേ വരുകയും ചെയ്തു.
മറുഭാഗത്ത് മസ്ജിദ്ധ്വംസനത്തോടെ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമുണ്ടായില്ല. ഫലം എന്തായി എന്നു വെളിപ്പെടുത്തുന്നതായിരുന്നു കറുത്ത ഞായറാഴ്ചയുടെ പതിനാലു വര്‍ഷം കഴിഞ്ഞ് 2006 നവംബറില്‍ പാര്‍ലമെന്‍റിനു മുന്നില്‍ വന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യന്‍മുസ്ലിംകളുടെ അപരവത്കരണം സംബന്ധിച്ച വസ്തുസ്ഥിതി വിവരമായിരുന്നു അത്. അതില്‍ വരച്ചുകാണിച്ച ദയനീയസ്ഥിതി മറികടക്കാന്‍ നോക്കിയില്ല എന്നല്ല, മുസ്ലിം ന്യൂനപക്ഷത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നതാണ് തുടര്‍ന്നു കണ്ടത്. ബാബരി ധ്വംസനവും തുടര്‍ന്നുള്ള വന്‍കലാപങ്ങളും ഗുജറാത്ത് വംശഹത്യയുമൊക്കെ ചകിതമാക്കി നിര്‍ത്തിയ ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിന്‍െറ പേരില്‍ രാജ്യവ്യാപകമായി വേട്ടയാടി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടന്ന ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംയുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ മുസ്ലിംയുവാക്കള്‍ അവരുടെ കഴിവുകള്‍ രാജ്യദ്രോഹ, ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മതപാഠശാലകളായ മദ്റസകള്‍ തീവ്രവാദത്തിന്‍െറ ഈറ്റില്ലങ്ങളായി മുദ്രയടിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷഗ്രാമങ്ങളും പട്ടണങ്ങളും സംശയച്ചുഴിയിലകപ്പെട്ടു. വാര്‍ത്താമാധ്യമങ്ങള്‍ മുന്നില്‍നിന്ന ഈ പ്രചണ്ഡപ്രചാരണത്തിന് ഒൗദ്യോഗിക മെഷിനറിയുടെ നിര്‍ലോഭമായ സഹായം ലഭിച്ചു. നൂറുകണക്കിനു യുവാക്കള്‍ ജയിലിലായി. ഒടുവില്‍ പ്രചാരണത്തിന്‍െറയും ആരോപണങ്ങളുടെയും എതിര്‍ദിശയിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് ദൈവാധീനത്താല്‍ പുറത്തായി. അതിനുശേഷവും നിരപരാധികള്‍ വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തില്‍തന്നെ തുടരുന്നു- അവരിലാരുടെയും കുറ്റം തെളിയിക്കാന്‍ ഇന്നോളം അന്വേഷണ ഏജന്‍സികള്‍ക്കായില്ളെങ്കിലും. കേന്ദ്രത്തില്‍ സര്‍ക്കാറുകള്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും നേതൃത്വത്തില്‍ മാറിവന്നെങ്കിലും ഈ പ്രവണതക്കു മാത്രം മാറ്റമൊന്നുമുണ്ടായില്ല.
ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രതിബദ്ധതയുടെ ഉരകല്ലായിരുന്നു ബാബരിമസ്ജിദ് പ്രശ്നം. അതില്‍ ഭരണകൂടങ്ങളും അവയെ നയിക്കുന്ന മുഖ്യ രാഷ്ട്രീയകക്ഷികളും ഒരുപോലെ പരാജയപ്പെടുമ്പോള്‍ രാഷ്ട്രം തന്നെയാണ് തോല്‍ക്കുന്നത്. അതു തിരിച്ചറിഞ്ഞുള്ള പരിഹാരക്രിയകളുടെ അവസരം ഒന്നൊന്നായി നഷ്ടപ്പെടുത്തിയതാണ് ബാബരിവിഷയത്തില്‍ ഇത്രനാള്‍ സംഭവിച്ചത്. മസ്ജിദ് പ്രശ്നത്തില്‍ നിഷേധിക്കപ്പെട്ട നീതി തിരിച്ചുകിട്ടിയില്ളെന്നുമാത്രമല്ല, അതില്‍ പിന്നീട് കൂടുതല്‍ നീതിനിഷേധങ്ങള്‍ക്കും മുസ്ലിംകള്‍ ഇരയായി. അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷനും മുസ്ലിം സ്ഥിതി അന്വേഷിച്ച സച്ചാര്‍ കമ്മിറ്റിയുമൊക്കെ ശിപാര്‍ശ ചെയ്തതാണ്. ആ ദിശയിലേക്കുള്ള ചുവടുവെപ്പിന് ഇനിയും ഭരണകൂടം അറച്ചുനില്‍ക്കുന്നതെന്താണ്? ക്രമസമാധാനത്തിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ താല്‍ക്കാലികങ്ങളാകാം. സുസ്ഥിരമായ സമാധാനത്തിനും ക്ഷേമരാഷ്ട്രത്തിനും അവധാനത്തോടെയുള്ള ദീര്‍ഘകാല പ്രായോഗികനടപടികള്‍ തന്നെ വേണം. രണ്ടു പതിറ്റാണ്ടു തികയുന്ന മസ്ജിദ്ധ്വംസനത്തിന്‍െറ പരിഹാരത്തില്‍തൊട്ട് അതിനു തുടക്കമിടാന്‍ ഭരണകൂടത്തിനു കഴിയുമോ
അധികാര-നിയമ കേന്ദ്രങ്ങളുടെ നിസ്സംഗതയുടെ പുറത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തിയ ആസൂത്രിത നീക്കമാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തിന് വഴിതുറന്നത്. പള്ളി തകര്‍ക്കുന്നതില്‍ ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെ നേതാക്കളുടെ കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍-നിയമ തലങ്ങളില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
1526ല്‍ ബാബറിന്‍െറ സേനാനായകന്‍ മിര്‍ബാഖി അയോധ്യയില്‍ പണിത ബാബരി മസ്ജിദില്‍ നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചു വരികയായിരുന്നു. 1949 ഡിസംബര്‍ 23ന് പള്ളിക്കകത്ത് രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായരുടെ ഒത്താശയോടെയായിരുന്നു ഈ നീക്കം. തുടര്‍ന്ന് പള്ളി അടച്ചിടുന്ന സാഹചര്യം ഉണ്ടായി. 1950ല്‍ പള്ളിക്കകത്തു നിന്ന് വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ ഫൈസാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഹിന്ദുത്വ ശക്തികള്‍ക്ക് തുണയായി.1955 ഏപ്രില്‍ 26ന് ഹൈകോടതിയും ഈ വിധി ശരിവെച്ചു. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് എല്ലാ പരാതികളും ഹൈകോടതിയിലേക്ക് മാറ്റുകയായിരുന്നു. ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ മുസ്ലിംകള്‍ നിയമനടപടി ആരംഭിച്ചെങ്കിലും പ്രക്രിയ നീണ്ടു. അയോധ്യാ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനും ഹിന്ദുവികാരം ഉണര്‍ത്താനും ആര്‍.എസ്.എസ് വ്യാപക നീക്കം തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. എണ്‍പതുകളുടെ മധ്യത്തോടെ ഇതിന് രാജ്യവ്യാപക സ്വഭാവം നല്‍കാനും ശ്രമം നടന്നു.
പള്ളിയുടെ പൂട്ടുതുറന്നുകൊടുത്തതിനെതിരെ ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നിവക്കു കീഴില്‍ നടന്ന സമാധാനപരമായ പ്രക്ഷോഭ പരിപാടികളൊന്നും അധികൃതരെ ഉണര്‍ത്തിയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ അയോധ്യയില്‍ തര്‍ക്കസ്ഥലത്തുതന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിനു ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് കണ്ടത്.
തുടര്‍ന്ന് ഹിന്ദുത്വശക്തികള്‍ രാജ്യമൊന്നാകെ വന്‍ പ്രചാരണം നടത്തിയും അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയും അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിച്ചത് നടപടികള്‍ എളുപ്പവുമാക്കി. എന്തു വിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് കല്യാണ്‍സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ നല്‍കിയ ഉറപ്പുപോലും ലംഘിക്കപ്പെട്ടു. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ മുമ്പാകെ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നല്‍കിയ വാക്കും പാലിക്കപ്പെട്ടില്ല. സംഘ് നേതാക്കളുടെ സാന്നിധ്യത്തില്‍ കാലേക്കൂട്ടി തീരുമാനിച്ച പ്രകാരം ബാബരി മസ്ജിദ് ധ്വംസനം നടക്കുകയായിരുന്നു. രാജ്യം അതുകണ്ട് നടുങ്ങി. പള്ളി തല്‍സ്ഥാനത്തുതന്നെ പുതുക്കിപ്പണിയുമെന്ന് റാവു രാജ്യത്തിന് നല്‍കിയ ഉറപ്പ് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും അങ്ങനെത്തന്നെ നില്‍ക്കുന്നു. മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ സംഭവങ്ങളും കലാപങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയത്. ബാബരി മസ്ജിദ് വാര്‍ഷിക ദിനമായ ഇന്ന് മുഹര്‍റം പത്ത് കൂടിയായതിനാല്‍ ഹൈദരാബാദിലും മറ്റും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്നോ, ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കി.
ഇന്ന് കരിദിനമായും ഫാഷിസ്റ്റ് വരുദ്ധ ദിനമായും ആചരിക്കാന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ എന്നിവ ആഹ്വാനം ചെയ്തു.
ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’ തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍).