മോര്യ മഹല്ല്‌ SKSSF ആസ്ഥാന മന്ദിരം ഉദ്‌ഘാടം ഒക്‌ടോബര്‍ 7ന്‌

നിശ്ചയദാര്‍ഢ്യത്തിന്റെ നിത്യസ്‌മാരകമായി മോര്യ ഇസ്‌ലാമിക്‌ സെന്റര്‍
- റഷീദ്‌ മോര്യ

നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിത്യസ്‌മാരകമാണ്‌ താനൂര്‍ മോര്യ SKSSF ശാഖാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇസ്‌ലാമിക്‌ സെന്റര്‍. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ശാഖാ കമ്മിറ്റിക്ക്‌ സ്വന്തമായി ഒരു ആസ്ഥാനമെന്നത്‌ പലരുടെയും സ്വപ്‌നമായിരിക്കും. ആ സ്വപ്‌നമാണ്‌ മോര്യ മഹല്ല്‌ SKSSF കമ്മിറ്റി ഇവിടെ യാഥാര്‍ത്ഥ്യമാക്കുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ പരിണിതിയാണ്‌ ഈ സ്ഥാപനം. 
പത്ത്‌ വര്‍ഷം മുമ്പ്‌ രണ്ട്‌ സെന്റ്‌ സ്ഥലം വിലക്കെടുക്കണമെന്ന ആശയവുമായി മുന്നോട്ട്‌ വന്നപ്പോള്‍ പ്രോത്സാഹിപ്പിച്ചവരും പരിഹസിച്ചവരുമുണ്ടായിരുന്നു. `ഇത്‌ ഒരു കുട്ടിക്കളിയാണെന്ന്‌' പറഞ്ഞ്‌ എഴുതിത്തള്ളിയവരും അക്കൂട്ടത്തിലുണ്ട്‌. അതിലേറെ പ്രവര്‍ത്തന വഴിയില്‍ വിഘാതം സൃഷ്‌ടിക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഇന്ന്‌ എല്ലാവരും അല്‍ഭുതപ്പെടുകയാണ്‌.... ആ കുട്ടിക്കളി കാര്യമായിരിക്കുന്നു. പ്രൗഢമായ ഇസ്‌ലാമിക്‌ സെന്റര്‍ 2011 ഒക്‌ടോബര്‍ 7ന്‌ വൈകുന്നേരം 7 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നാടിന്‌ സമര്‍പ്പിക്കും. 
സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ പേരില്‍ വാങ്ങിയ രണ്ട്‌ സെന്റ്‌ സ്ഥലത്ത്‌ 2001 ഏപ്രില്‍ 16ന്‌ വൈകുന്നേരം 4 മണിക്കാണ്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഇസ്‌ലാമിക്‌ സെന്ററിന്‌ ശിലപാകുന്നത്‌. പാണക്കാട്ട്‌ വെച്ചുതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ ഉദ്‌ഘാടനവും നടന്നു. പിന്നെ പ്രയാണമായിരുന്നു. സമസ്‌തയെ അതിരറ്റു സ്‌നേഹിക്കുന്ന പ്രവാസികളടക്കമുള്ള നിരവധി പേര്‍ നല്‍കിയ സഹായങ്ങളും മോര്യ കോട്ട്‌കാട്‌ മഹല്ല്‌ കമ്മിറ്റയും മോര്യ സബീലുന്നജാത്ത്‌ മദ്രസ കമ്മിറ്റിയുമൊക്കെ നല്‍കിയ പ്രോത്സാഹനങ്ങളും `ഇസ്‌ലാമിക്‌ സെന്റര്‍ പ്രൊജക്‌ട്‌' സമ്പൂര്‍ണ്ണ വിജയത്തിലെത്താന്‍ കാരണമായി. താഴത്തെ നിലയില്‍ ഷോപ്പിംഗ്‌ സെന്ററും മുകള്‍ നിലയില്‍ ഓഫീസും മിനി ഓഡിറ്റോറിയവുമാണ്‌ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്‌. 
2011 ഒക്‌ടോബര്‍ 5, 6, 7 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെയാണ്‌ ഇസ്‌ലാമിക്‌ സെന്റര്‍ ഉദ്‌ഘാടന സമ്മേളനം നടക്കുന്നത്‌. 5ന്‌ പതാകയ ഉയര്‍ത്തല്‍, ഫാമിലിമീറ്റ്‌, പ്രവാസികളുടെ ഒത്തുചേരല്‍, 6ന്‌ കുരുന്നുകൂട്ടം, സ്‌നേഹ സഗംമം, ക്ലസ്റ്റര്‍ മീറ്റ്‌ എന്നിവ നടക്കും. 7ന്‌ സമാപന സമ്മേളനത്തിന്റെ ഭാഗമായി സോവനീര്‍ പ്രകാശനം, പ്രമുഖരെ ആദരിക്കല്‍, അവാര്‍ഡ്‌ ദാനം, നിരന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം എന്നിവ നടക്കും. 
പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ്‌ ഫൈസി, കെ. കുട്ടി അഹമ്മദ്‌ കുട്ടി, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ., SKSSF സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍, സെക്രട്ടറി പി.എം. റഫീഖ്‌ അഹമ്മദ്‌, സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. മൂന്ന്‌ മഹല്ലിന്റെ സമ്പൂര്‍ണ്ണ ചരിത്രമടങ്ങിയ സോവനീര്‍ സമ്മേളനത്തില്‍ പ്രകാശിതമാകും. വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു. 
സംസ്ഥാന തലത്തില്‍ SKSSF രൂപീകരിച്ച്‌ ഏതാനും മാസങ്ങള്‍ക്കകം തന്നെ ഈ മഹല്ലിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നു. വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ലൈബ്രററി, കൈയ്യെഴുത്ത്‌ മാസിക പ്രസിദ്ധീകരിക്കല്‍, അതാതു സമയങ്ങളില്‍ ലഘുലേഖകളിറക്കി ബോധവല്‍ക്കരണം, മതപഠന ക്ലാസുകള്‍, ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കല്‍, സമസ്‌ത പ്രസിദ്ധീകരണങ്ങളുടെ പ്രചരണം, മതവിദ്യാഭ്യാസ ശാക്തീകരണം, പരീക്ഷ മുന്നൊരുക്കത്തിനുള്ള ക്ലാസുകള്‍ എന്നിവ ചിട്ടയോടെ നടന്നുവരുന്നുണ്ട്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ട്രെന്റിന്റെ പ്രവര്‍ത്തനങ്ങളും സജീവമാണ്‌. ഇസ്‌ലാമിക്‌ സെന്റര്‍ കേന്ദ്രീകരിച്ച്‌ ഖുര്‍ആന്‍ പഠനകേന്ദ്രം, എസ്‌.വൈ.എസ്‌., എസ്‌.കെ.എസ്‌.എസ്‌.എഫ്‌., എസ്‌.ബി.വി. ഓഫീസുകള്‍, ട്രെന്റ്‌, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ലൈബ്രററി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കും. 
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും നാട്ടുകാരുടെ നിറഞ്ഞ പിന്തുണയും സമീപ മഹല്ലുകളുടെ പ്രോത്സാഹനവും മേല്‍ഘടകങ്ങളുടെ നിരീക്ഷണവുമൊക്കെയാണ്‌ ഈ വിജയത്തിന്റെ പിന്നിലെ രഹസ്യം.