മോഡിയുടെ പുത്തന്‍ നാടകം

രേന്ദ്രമോഡിയുടെ ഹൈടക്ക് ഉപവാസം ഗുജറാത്ത് കലാപകാലത്തെ വംശഹത്യയുടെ തീരാകളങ്കം മറച്ചുവെക്കാനാണെന്ന ആരോപണം ശക്തിപ്പെടുന്നു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മോഡിയെസ്ഥിരമായി വേട്ടയാടുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നും ജനശ്രദ്ധതിരിച്ചുവിടാനാണ് ഉപവാസവുമായി ഇറങ്ങിതിരിച്ചതെന്നാണ് ദേശീയരാഷ്രീയ രംഗത്തുള്ളവരും മാധ്യമങ്ങളും വിലയിരുത്തിയത്. കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്്സാന്‍ജിഫ്രിയെയടക്കം വധിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലകേസ് വിചരാണക്കോടതിയില്‍ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ കോടതി പരാമര്‍ശം തനിക്കുള്ള ക്ലീന്‍ചിറ്റാണെന്ന് വ്യാഖ്യാനിച്ചാണ് മോഡി കോടതിവിധിക്ക് തൊട്ടുപിന്നാലെ കോടികള്‍ ചിലവിട്ട് ഉപവാസത്തിനിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആറുകോടി ചെലവിട്ടുള്ള ഉപവാസം ഇന്നലെ അവസാനിച്ചു. ശീതീകരച്ച പന്തലില്‍ തുടങ്ങിയ ഉപവാസം വാര്‍ത്താ പ്രചാരണത്തിനപ്പുറം... എന്ത് സ്വാധീനമാണ് സൃഷ്ടിക്കുകയെന്ന് കണ്ടറിയണം. സംസ്ഥാനത്ത് മതസൗഹാര്‍ദ്ദവും എെക്യവും ഊട്ടിയുറപ്പിക്കാന്‍ തന്റെ യത്നംകൊണ്ട് സാധിക്കുമെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോഡി കഴിഞ്ഞകാലങ്ങളെ തന്ത്രപൂര്‍വ്വം വിസ്മരിക്കാനുള്ള ശ്രമത്തിലാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ വംശീയ കലാപത്തിന് നേതൃത്വംനല്‍കിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, സ്വതന്ത്രഭാരതത്തില്‍ ഒരുഭരണാധികാരിയും കാണിക്കാത്ത കൊടുംക്രൂരതക്കാണ് നേതൃത്വംനല്‍കിയത്. മോഡിയുടെ ഭരണത്തിന്‍കീഴിലെ ഗുജറാത്തിന്റെ കലാപചരിത്രം ഇതുവ്യക്തമാക്കുന്നു. ഗുജറാത്ത് കലാപകാലത്തെ തന്റെ പങ്കിനെകുറിച്ച് മോഡിക്ക് കൃത്യമായി ബോധ്യമുള്ളതിനാലാണ് സമരം നടത്തുന്നതെന്നും സമരംകൊണ്ട് മാത്രം മോഡിയുടെ പാപക്കറ കഴുകിക്കളയാന്‍ സാധ്യമല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചത് ഈപശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി പഥത്തിലേക്കുള്ള എല്‍.കെ അഡ്വാനിയുടെ വരവ് മുന്നില്‍കണ്ട് ഇതിനെ ഫലപ്രദമായി തയയിടുകയാണ് മോഡിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് കരുതുന്നു. 
ഗുജറാത്തിലെ മുസ്്ലിംവിരുദ്ധ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് വളരെ വ്യക്തമാണെന്ന് തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തന്നെബോധ്യപ്പെടുത്തുന്നുണ്ട്്. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോഡിസര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്യത്തിന്റെ പലദിക്കുകളില്‍നിന്നും മുറവിളി ഉയര്‍ന്നിരുന്നതുതന്നെ ഇതിന് ഒന്നാംതരം തെളിവായിരുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ദ്രാവിഡമുന്നേറ്റ കഴകവും തെലുങ്കുദേശവും ഒരേസ്വരത്തില്‍ ഈ ആവശ്യം ഉന്നയിച്ചതുതന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഇതോടെ നില്‍ക്കകള്ളിയില്ലാതായ മോഡി ഗവര്‍ണര്‍ക്ക് രാജികത്ത് കൈമാറുകയും നിയമസഭ പിച്ചുവിടുകയും ചെയ്തു. പക്ഷേ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മോഡിയുടെ നേതൃത്വത്തില്‍ തടന്നത് വംശീയ കലാപമാണെന്ന് കണ്ടെത്താനും അത് പ്രഖ്യാപിക്കാനും അന്നത്തെ കേന്ദ്രസര്‍ക്കാറിന് സാധിച്ചില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നു എന്ന ഒറ്റആനൂകൂല്യമാണ് അന്ന് മോഡിക്ക് തുണയായത്. ആഭ്യന്തര മന്ത്രിയാകട്ടെ ലാല്‍കൃഷ്ണ അഡ്വാനിയും. മുസ്്ലിംവിരുദ്ധ കലാപത്തില്‍ മോഡിയുടെ പങ്ക് അന്വേിക്കണമെന്ന ആവശ്യം പിന്നീടും ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം അവസാനിക്കുകയും കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അവസാനം 2009 ഏപ്രില്‍ മാസം സുപ്രിംകോടതി കലാപത്തില്‍ മോഡിയുടെ പങ്ക് അന്വേിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്്സാന്‍ജിഫ്രിയുടെ ഭാര്യ സക്കിയ്യ ജിഫ്രിയില്‍നിന്ന് സംഘം തെളിവെടുക്കുകയും ചെയ്തു. 
കലാപത്തിലുള്ള നരേന്ദ്രമോഡിയുടെ പങ്ക് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിതന്നെ പരോക്ഷമായി സമ്മതിച്ചിരുന്നു. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 2002ലെ കലാപകാലത്ത് വാജ്പേയി മോഡിക്ക് അയച്ച കത്താണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. ' രാജ്യധര്‍മം കൈവിടരുതെന്നും ഒരിക്കലും ജാതിമത വിവേചനം നടത്തരുതെന്നു' മുള്ള ഉപദേശത്തോടെയാണ് വാജ്പേയി കത്തെഴുതുന്നത്. കലാപത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ ദുരിതാശ്വാസ സഹായം എത്തിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍നടത്തേണ്ടതുണ്ടെന്നും വാജ്്പേയി മോഡിയെ ഉപദേശിക്കുന്നു. ഇരകള്‍ക്ക് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും നഷ്ടപരിഹാരവും നീതിയും ലഭ്യമാക്കണമെങ്കില്‍ മേഖലകള്‍ തിരഞ്ഞെടുത്ത് പരിശോധന നടത്തണമെന്നും അന്നത്തെ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നു. ദുരിതാശ്വസത്തിന് വേണ്ടി ആവശ്യമെങ്കില്‍ കേന്ദ്രവിഹിതം അനുവദിക്കാന്‍ ഒരുക്കമാണെന്നും വാജ്പേയി കത്തില്‍ പരാമര്‍ശിച്ചിരുന്നു.
കലാപത്തില്‍ തകര്‍ന്ന അഹമ്മദാബാദിലെയും നരോദാപാട്യയിലേയും സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കിയ ശേഷമാണ് വാജ്പേയി ഇത്തരമൊരു കത്ത് അയച്ചതാണെന്നാണ് വ്യാഖ്യാനം. കൊല്ലപ്പെട്ടവരില്‍ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കണം. ഇതില്‍ കാലതാമസം അരുത്. നരോദപാട്യ, അഹമ്മദാബാദ്, ലുനവാദ, പഞ്ചമഹല്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ ശ്രദ്ധചെലുത്തണം. കലാപകാരികളില്‍നിന്നും ഇവര്‍ക്ക് വീണ്ടും ബുദ്ധിമുട്ടുണ്ടായാല്‍ അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. വാജ്പേയി നരേന്ദ്രമോഡിയെ ഉപദേശിക്കുന്നു. വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് വാജ്പേയി അയച്ച കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഗുജറാത്ത് മുന്‍മന്ത്രി ഹിരണ്‍പാണ്ഡ്യേ അടക്കമുള്ളവരുടെ വിധവമാര്‍ നീതിക്കുവേണ്ടി അലയുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉപവാസത്തിന് അര്‍ത്ഥമില്ലെന്നാണ് സമാജ് വാദിപാര്‍ട്ടി ജനറല്‍സെക്രട്ടറി മോഹന്‍സിംഗ് പ്രതികരിച്ചത്. പ്രധാനമമന്ത്രി സ്ഥാനത്തേക്കുള്ള വരവിനുള്ള തയ്യാറെടുപ്പായി മാത്രമേ മോഡിയുടെ ഈനീക്കത്തെ വിലയിരുത്തേണ്ടതുള്ളൂവെന്നും മോഹന്‍സിംഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധിജിയുടെ ഉപവാസം നിസ്വാര്‍ത്ഥമായിരുന്നെന്നും എന്നാല്‍ മോഡിയുടെ സമരം പ്രശസ്തിക്കുവേണ്ടിയുള്ളതാണെന്നും ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഉപവാസം നാടകമാണെന്ന് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാനും പ്രതികരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോഡിയുടെ ഉപവാസ സമരത്തിന് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് വേണം കരുതാന്‍ (Cpd from Chandrika Daily as recived)