മദ്രസകള്‍ മാറ്റങ്ങളെ വരവേല്‍ക്കണം

കേരളത്തില്‍ മതവിജ്ഞാനീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ മേഖലയാണ് മദ്രസ പ്രസ്ഥാനം. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ബാഫഖിതങ്ങള്‍ പോലെയുള്ള ദീര്‍ഘ ദൃഷ്ടിയും ബുദ്ധിശാലികളുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിത സാദാത്തുക്കളാണ് അതിന് നാന്ദികുറിച്ചത്. പ്രഭാതമായാല്‍ ഖുര്‍ആനും തിരുവചസ്സുകളും കയ്യില്‍പിടിച്ച്, തൊപ്പിയും മക്കനയും ധരിച്ച കുരുന്നുകൂട്ടം മതകലാലയങ്ങളിലേക്ക് വിദ്യനുകരാന്‍ പോകുന്ന കാഴ്ച കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രമുഖരായ മുസ്ലിം ബുദ്ധിജീവികളും രാജാക്കന്മാരും ഉത്തരേന്ത്യയില്‍ ജീവിച്ചുപോയിട്ടും ഈയൊരു സാംസ്ക്കാരിക എെശ്വര്യം അവിടെയില്ലെന്ന് നമ്മള്‍ അഭിമാനിക്കാറുമുണ്ട്. പക്ഷേ കുറച്ചുകാലങ്ങളിങ്ങോട്ടായി മദ്രസാരംഗത്ത് മൂല്യചുതി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മാനേജ്മെന്റിലും വിശിഷ്യ കേരളീയ മുസ്ലിം സമൂഹത്തിലും ഇത് കാണാന്‍ കഴിയും.
 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ദ്രുതഗതിയില്‍ വര്‍ദ്ധിച്ച് വ്യക്തികള്‍തോറും മൊബൈലും കംപ്യൂട്ടറും സുലഭമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനം മദ്റസയില്‍ നടക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ചര്‍ച്ചയിലൂടെ അതും നമുക്ക് മതപഠന രംഗത്ത് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ കഴിയും. സൗഹൃദകൂട്ടായ്മയിലൂടെ ഒരു ഇസ്ലാമിക സി.ഡി. ആന്റ് ബുക്സ് ലൈബ്രറിയും ദീര്‍ഘദൃഷ്ടിയോടെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കുകയും അതിലൂടെ മതപഠനരംഗത്തുള്ള കര്‍മ്മ ശാസ്ത്രങ്ങള്‍ കാണിച്ചും ചെയ്തും പഠിപ്പിച്ചാല്‍ നല്ല മാറ്റം ഉണ്ടാക്കാനാവും. നമസ്കാരം, വുളു പോലെ കര്‍മ്മങ്ങള്‍ കുട്ടികളെകൊണ്ട് സ്വയം ചെയ്യിപ്പിച്ച് മൊബൈലിലൂടെയോ വീഡിയോ റെക്കോര്‍ഡ് ചെയ്തോ സി.ഡി.യാക്കി മദ്രസയിലേക്ക് കൊണ്ടുവരികയും ന്യൂനതകള്‍ ചൂണ്ടികാണിക്കുകയും സി.ഡി.ലൈബ്രറിയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ മദ്രസയോട് പുതുതലമുറക്കുള്ള അവജ്ഞ ഏറെക്കുറെ മാറ്റിയെടുക്കാന്‍ കഴിയും. ചരിത്ര പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഈ സംരംഭം ഏറെ പ്രയോജനപ്പെടും. ഇവ്വിഷയകമായി ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അന്താരാഷ്ട്രീയ നിലയില്‍ ഖുര്‍ആന്‍ പഠനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ ഖുര്‍ആനിക് സോഫ്റ്റ്വെയര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും ഇതിനോട് ചേര്‍ത്ത് വായിക്കണം.
പ്രാപ്തരായ അധ്യാപകരില്ല എന്ന് പറയുന്നത് വെറുതെയാണ്. ഏത് ഭാഷയിലും ഏത് ശൈലിയിലും വളരെ സൈക്കോളിക്കലായി ക്ലാസ്സെടുക്കാന്‍ പ്രാപ്തരും കഴിവുറ്റവരുമായ ഒട്ടനവധി യുവ പണ്ഡിതന്മാര്‍ കേരളത്തിലുണ്ട്. സമൂല രംഗത്തും വര്‍ധിച്ചുവരുന്ന വിലക്കയറ്റം മുന്നില്‍ കണ്ട് പഠിച്ചത് പണയം വെച്ച് വിദേശ രാഷ്ട്രങ്ങളിലേക്ക് പറക്കുന്ന കാഴ്ച അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു നേരത്തെ ക്ലാസ്സിന് എഴുന്നൂറ്റി അമ്പത് രൂപ ശമ്പളം കൊടുക്കുന്ന മദ്രസകളും, പ്ലസ്ടു വരെയുള്ള മദ്റസയില്‍ മൂന്നോ നാലോ അധ്യാപകരെ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ഏരിയകളും ഇന്നും കേരളത്തിലുണ്ട്. കഴിവുള്ള അധ്യാപകരെ മുന്‍നിര്‍ത്തി കുട്ടികളെ എങ്ങനെയെല്ലാം മതപരമായി പ്രാപ്തരാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്ത കൂട്ടമായ ആലോചനയിലൂടെ പ്രധാനാധ്യാപകനില്‍ നിന്നുമുണ്ടാകണം. പഠിച്ചത് കുട്ടികള്‍ പ്രാവര്‍ത്തികമാക്കുന്നില്ല എന്നതും രക്ഷിതാക്കള്‍ അതില്‍ ബദ്ധശ്രദ്ധരല്ല എന്നതും സമയക്കുറവ് പ്രധാന വില്ലനാണെന്നതും ശരിതന്നെ. 
ഒരു നാട്ടില്‍ മതപരമായ ഉണര്‍വ് കൈവരിക്കാന്‍ പുതിയ സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രം ഉത്സുകരായിട്ടു കാര്യമില്ല. അവരേക്കാള്‍ ദീര്‍ഘദൃഷ്ടിയും കര്‍മ്മനിരതരുമായ മാനേജ്മെന്റ് ഭാരവാഹികള്‍ ഉണ്ടാകണം. അധ്യാപകരുടെ പോരായ്മകള്‍ കാണാനും പിഴവുകള്‍ മഞ്ഞക്കണ്ണടവെച്ച് കണ്ടുപിടിക്കാനും മാത്രം മിടുക്ക് കാണിച്ചാല്‍ പോരാ. സൗഹൃദചിന്തയിലൂടെ മതപരമായ മുന്നേറ്റത്തിനുള്ള ചര്‍ച്ചകള്‍ നടക്കണം. മുന്‍കാലങ്ങളില്‍ ഉലമാഉമറാ എന്ന കൂട്ടായ്മക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. കൂട്ടായ്മ ഇന്നും നിലവിലുണ്ടെങ്കിലും അവര്‍ക്കിടയില്‍ ഹാര്‍ഡ് വര്‍ക്ക് നടക്കുന്നില്ല.
ഒരു മണ്ഡലത്തില്‍ ഒരു മാതൃകാ മദ്രസ എന്ന പദ്ധതിക്ക് നാന്ദി കുറിക്കുകയാണെങ്കില്‍ ഭാവിയില്‍ സമൂലമാറ്റം വരുത്താന്‍ കഴിയും. മുഅല്ലിം രജിസ്റ്റര്‍ സര്‍വ്വീസുള്ള ഒരു ലക്ഷത്തോളം അധ്യാപകരെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് തൊഴില്‍ രംഗത്തേക്കും കാലെടുത്ത് വെക്കാന്‍ കഴിയും. 
അത്യന്തം ദീര്‍ഘദൃഷ്ടിയോടെയുള്ള മാറ്റങ്ങള്‍ മദ്രസാ രംഗത്ത് അനിവാര്യമാണ്. കണ്ണും കാതും കൂര്‍പിച്ച് ഈ മേഖലയെ ഏത് നിമിഷവും തകര്‍ക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ പിന്നിലുണ്ട്(അവ: ചന്ദ്രിക ദിനപത്രം)