ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സാര്‍വ്വലൌകിക സാഹോദര്യം : ഡോ.ബഹാഉദ്ദിന്‍ നദ് വി

ജിദ്ദ: സാര്‍വ ലൌകിക സാഹോദര്യമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും, നവലോകത്തിന്റെ ഭരണ ക്രമങ്ങള്‍ക്കായി മനുഷ്യന്‍ തീര്‍ത്ത പ്രാദേശിക അതിര്‍ വരമ്പുകള്‍ വൈജ്ഞാനിക , ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാനദണ്ട മാകരുതെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി കൂരിയാട് പറഞ്ഞു. ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി ഇഫ്താര്‍ മീറ്റി നോടനുബന്ധിച്ച് നടത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാറുല്‍ ഹുദ ആരംഭിക്കുന്ന വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ സന്ദര്‍ശനങ്ങളില്‍ നേരില്‍ കണ്ട മുസ്ലിം സമൂഹത്തിന്റെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് ,സ്ഥാപനം രൂപം നല്‍കിയ ബ്രിഹദ് പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഗത കാല പ്രതാപത്തിന്റെ അവശേഷിക്കുന്ന ചിഹ്നങ്ങളായി നില നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോലും കാലിത്തൊഴുത്തുകളായി മാറിപ്പോയ ദുരന്ത ദൃശ്യങ്ങള്‍ പ്രബുദ്ധ ജനതയുടെ ഇടപെടലുകള്‍ ആവശ്യപ്പെടുന്നതാണ്. ഈ ആധുനിക സമൂഹത്തിലും മത വിദ്യാഭ്യാസവും പൊതു വിജ്ഞാനവും വിലക്കപ്പെട്ട കനിയായി കഴിയുന്ന പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സഹോദരങ്ങള്‍ക്കിടയിലേക്ക് കാരുണ്യ ഹസ്തവുമായി ഇറങ്ങി തിരിക്കുന്നതോടൊപ്പം, സമൂഹത്തില്‍ വൈജ്ഞാനിക പ്രബോധന രംഗത്തെ ശൂന്യമായി കിടക്കുന്ന മേഖലകള്‍ കണ്ടെത്തി നിപുണരായ ഒരു പണ്ഡിത നിരയെ സമര്‍പ്പിക്കുക കൂടിയാണ് ദാറുല്‍ ഹുദ ചെയ്തു കൊണ്ടിരിക്കുന്നത്. 
മത വൈജ്ഞാനിക, സാംസ്കാരിക രംഗത്ത്‌ കേരളീയ സമൂഹത്തി ന്‍റെ അര നൂറ്റാണ്ടു പിന്നില്‍ നില്‍ക്കുന്ന മറു നാടന്‍ മുസ്ലിം ജനതയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ട ദാറുല്‍ ഹുദയുടെ മണ്മറഞ്ഞ സാരഥികള്‍ നിശ്ചയ ദാര്‍ഡ്യാ തുടക്കമിട്ട ദീര്‍ഘ വീക്ഷണപരമായ പദ്ധതികളാണ് ഇപ്പോള്‍ യാഥാര്‍ത്യമാകുന്നത്. ആത്മീയ വിശുദ്ധിയുടെ അടിസ്ഥാന ശിലകളില്‍ അദ്വിതീയ സ്ഥാനമാണ് സാമ്പത്തിക രംഗത്തെ സൂക്ഷ്മതക്കുള്ളത്. ആസക്തികള്‍ സത്യ വിശ്വാസിയെ അന്യായമായ ധന സമ്പാദന,വിനിയോഗങ്ങളിലേക്ക് നയിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ പണ്ഡിത ലോകം തയാറാകണം. കമ്മീഷന്‍ നല്‍കാതെ സന്നദ്ധ സേവകരിലൂടെ, ഉദാരമതികളുടെ സംശുദ്ധമായ സമ്പാദ്യങ്ങളില്‍ നിന്നു മാത്രമായി സംഭാവനകള്‍ സ്വീകരിക്കാനും, അല്ലാത്തവ നിരസിക്കാനും ദാറുല്‍ ഹുദ എക്കാലവും കാണിച്ച നിശ്ചയ ദാര്‍ഡിയം മാതൃകാ പരമാണെന്നും അദേഹം സൂചിപ്പിച്ചു. 
ദാറുല്‍ ഹുദ ജിദ്ദ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുല്ലാ ഫൈസി കൊളപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കെ. സി . മുഹമ്മദ്‌ ബാഖവി, നജ്മുദ്ദീന്‍ ഹുദവി, ഹസന്‍ ഹുദവി, മുസ്തഫ ഹുദവി, അബ്ദുല്‍കരീം ഫൈസി കിഴാറ്റൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു , സീതിക്കോയ തങ്ങള്‍ പാതാക്കര പ്രാര്‍ത്ഥന നിര്‍വഹിച്ചു. സെക്രട്ടറി എം.എ. കോയ മുന്നിയൂര്‍ സ്വാഗതമാശംസിച്ചു.