പരദൂഷണം, സാമൂഹിക തിന്മ


സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ


റസൂല്‍ ചോദിച്ചു: 'പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?' അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നവര്‍ പറഞ്ഞു. അവിടുന്നരുളി: 'നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്.' അന്നേരം സംശയമുയര്‍ന്നു: 'ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ?' അവിടുന്ന് പറഞ്ഞു: 'നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവ് പറഞ്ഞു.' (മുസ്‌ലിം).
റസൂല്‍ പറഞ്ഞു: 'നിശ്ചയം നിങ്ങളുടെ രക്തവും സ്വത്തുക്കളും അഭിമാനവും നിങ്ങളുടെമേല്‍ പരസ്‌പരം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ഈ നാട്ടില്‍വെച്ച് ഈ മാസത്തില്‍ നിഷിദ്ധമാക്കപ്പെട്ടതുപോലെത്തന്നെ. ശ്രദ്ധിക്കുക, അല്ലാഹു എന്നോട് കല്‍പിച്ചത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിരിക്കുന്നു.' (ബുഖാരി, മുസ്‌ലിം). പരദൂഷണ സംഘങ്ങള്‍ മിക്കഭാഗങ്ങളിലും സഹകരണ സംഘങ്ങള്‍ പോലെ വളര്‍ന്നുവരുകയാണ്. അങ്ങാടികള്‍, കവലകള്‍, കല്യാണ സദസ്സുകള്‍, മരണവീടുകള്‍, സമ്മേളന സ്ഥലങ്ങള്‍, എന്തിന് വിശുദ്ധ പള്ളികള്‍, നല്ല സദസ്സുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍വരെ ഈ പരദൂഷണക്കാര്‍ കൈയടക്കും. ഇവരുണ്ടാക്കുന്ന അനര്‍ഥങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഏറെ വലുതാണ്. അല്ലാഹു കഠിനമായി വിലക്കിയതാണ് ഈ താഴ്ന്ന ഏര്‍പ്പാട്. മറ്റുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പിക്കുന്ന ഈ പാപം പെരുകാതെ സൂക്ഷിക്കാന്‍ സദുപദേശം തന്നെ ആശ്രയം. പരദൂഷണക്കാരില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. പലപ്പോഴുമത് ഒരു സംഘടിതാക്രമണത്തിന്റെ തലത്തിലേക്ക് ഉയരുന്നു. പറയുന്നവനും കേള്‍ക്കുന്നവനും കുറ്റവാളിതന്നെ. വ്രതം പൂര്‍ണമാവാന്‍ നാവുകള്‍ക്ക് മുഖ്യപങ്കുണ്ട്. നന്മകള്‍ മാത്രം പറയുക. തിന്മയുടെ ഒരു വാക്കുപോലും നാക്കില്‍നിന്ന് വരാതെ സൂക്ഷിക്കാന്‍ വ്രതകാലം പ്രത്യേകം നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അളവറ്റ അനുഗ്രഹങ്ങള്‍ ഇല്ലാതാക്കാന്‍ നാവില്‍ നിന്നുതിര്‍ന്നു വീഴുന്ന ഒരു വാക്കിന് ശക്തിയുണ്ട്. വിശ്വാസികളുടെ ശരീരഭാഷപോലും മറ്റുള്ളവര്‍ക്ക് അനിഷ്ടകരമാവരുതെന്ന താക്കീതാണ് ഖുര്‍ആന്‍ നല്‍കിയത്. പ്രവാചകന്റെ അവസാന പ്രഭാഷണത്തില്‍ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളിലും മനുഷ്യരുടെ അഭിമാനം എടുത്തുപറഞ്ഞിട്ടുണ്ട്. ഏതൊരുവന്റെ അഭിമാനവും ഏറെ വിലപ്പെട്ടതാണെന്നും അതിലിടപെടാന്‍ ആര്‍ക്കുമധികാരമില്ലെന്നും അവിടുന്നുണര്‍ത്തിയിരുന്നു. മനുഷ്യരെ ഇകഴ്ത്തി സംസാരിക്കുക, പെരുമാറ്റം വീക്ഷിക്കുക, വിലയിരുത്തുക തുടങ്ങിയ എല്ലാ തിന്മകളും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. മദീനയിലൂടെ കൊണ്ടുപോകുന്ന മൃതശരീരത്തെ ബഹുമാനിച്ച് എഴുന്നേറ്റുനില്‍ക്കാന്‍ പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചു. അതൊരു ജൂതന്റെ മൃതശരീരമാണെന്ന് ആരോ ഒരാള്‍ ഉണര്‍ത്തിയപ്പോള്‍ പ്രവാചകന്‍ തിരുത്തി, 'ഒരു മനുഷ്യന്‍േറതാണെ'ന്ന്. ജീവിതത്തിലും മരണത്തിലും മനുഷ്യര്‍ മാനിക്കപ്പെടണമെന്നാണ് വിശുദ്ധ ഇസ്‌ലാമിന്റെ വീക്ഷണം.