ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കരുതെന്ന് രാജാവ്



മക്ക:പരിശുദ്ധ റമസാന്‍ ദിനരാത്രങ്ങള്‍ പുണ്യഭൂമിയില്‍ ചെലവഴിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഹറമിലേക്കൊഴുകിത്തുടങ്ങി. മക്കയിലും മദീനയിലും ഉംറതീര്‍ഥാടകരടക്കമുള്ളവരെ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. പുണ്യ നഗരങ്ങളിലെത്തുന്നവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വകുപ്പു മേധാവികളോട് ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുല്ലാ രാജാവ് നിര്‍ദ്ദേശം നല്‍കി.

റമസാനോടൊപ്പം വേനലവധി കൂടി വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ഹറമില്‍ എത്തിത്തുടങ്ങി. നേരത്തെ പലയിടങ്ങളിലും രാഷ്ട്രീയ അസ്വസ്ഥകള്‍ കാരണം ഉംറക്ക് സാധിക്കാത്തവരും ഈ സമയത്ത് എത്തുന്നുണ്ട്. റമസാന്‍ 15 ഓടെ ഉംറ തീര്‍ഥാടകരുടെ വരവ് അന്തിമഘട്ടത്തിലെത്തുമെങ്കിലും ഹറമിലും പരിസരങ്ങളിലും ഉള്ള ഹോട്ടലുകളിലൊന്നും ഇപ്പോള്‍ തന്നെ റൂമുകള്‍ കിട്ടാനില്ല. ഇവയൊക്കെ വന്‍കിട ഏജന്‍സികള്‍ ബുക്ക് ചെയ്തിരിക്കുകയാണ്. അതേ സമയം ഉംറ തീര്‍ഥാടകര്‍ക്ക് ഹറമിലോ താമസസ്ഥലങ്ങളിലോ എയര്‍പോര്‍ട്ടിലോ മക്ക, മദീന യാത്രകളിലോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും പരാതികള്‍ ലഭിച്ചാല്‍ ഏജന്‍സികള്‍ക്കേതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. 
തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്ത് ഇരുഹറം കാര്യാലയം, മക്ക മുനിസിപ്പാലിറ്റി, ആരോഗ്യം, ട്രാഫിക്, സുരക്ഷ, സിവില്‍ ഡിഫന്‍സ് എന്നീവകുപ്പുകള്‍ പ്രത്യേക കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ സേവനത്തിനായി 4000ത്തിലധികം ആളുകളെ നിയമിച്ചു. പഠനക്ലാസുകള്‍ക്കും സംശയ നിവാരണത്തിനുമായി പ്രത്യേക പണ്ഡിതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്