കേന്ദ്രമെഡിക്കല്‍കോളേജ് :എസ്.കെ.എസ്.എസ്.എഫ് അനിശ്ചിതകാല സമരത്തിലേക്ക്


  •  20 ന്  മുഖ്യമന്ത്രിയുമായി ചര്‍ച്ച
  •  22 ന്  ജില്ലാ കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ
  •  30 ന് കേന്ദ്ര വകുപ്പ് മന്ത്രിക്ക്  ഒരു ലക്ഷം നിവേദന കാര്‍ഡുകള്‍ എല്ലാ ശാഖകളില്‍ നിന്നും അയക്കും. 


കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാലയുടെ കൂടെ കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലയില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്താന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ കാസര്‍ക്കോട്ട് അത്യാധുനിക സൗകര്യമുളള ആശുപത്രികളില്ലായെന്നിരിക്കെ ജില്ലയിലേക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പത്തനംത്തിട്ട ജില്ലയിലേക്ക് കൊണ്ടുപോകാന്‍ ചില രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടുകൂടി ഒരു എം.പി നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയവും പിന്നോക്ക പ്രദേശമായ കാസര്‍കോട് ജില്ലയോടും എന്‍ഡോസള്‍ഫാന്‍ ഇരകളോടും കാണിക്കുന്ന കടുത്ത അനീതിയാണെന്നും ജില്ലാസെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അനിശ്ചിതകാല സമരത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ 20 ന് കാസര്‍കോട്ട് എത്തുന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനും 22 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ നായന്മാര്‍മൂല കേന്ദ്രസര്‍വ്വകലാശാല ഓഫീസിന് മുന്നില്‍ ജില്ലാ കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ നടത്താനും ജൂണ്‍ 30 ന് ജില്ലയിലെ എല്ലാ ശാഖകളില്‍ നിന്നും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി കബില്‍സിബിലിന് കേന്ദ്രമെഡിക്കല്‍ കോളേജ് ജില്ലയില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം കാര്‍ഡുകള്‍ അയക്കാനും അടക്കമുളള മറ്റ് സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരീസ്ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ. ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.