അല്‍കോബാര്‍ മദ്റസക്ക് സമസ്തയുടെ അംഗീകാരം

ദമ്മാം : അല്‍കോബാര്‍ തുഖ്ബ ഇസ്‍ലാമിക് സെന്‍ററുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസക്ക് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സമസ്തയുടെ 9029 -മത്തെ സ്ഥാപനമാണ് അല്‍കൊബാറിലെ ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ. വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സ്ക്രീനിംഗ് സമിതി മദ്റസയുടെ അംഗീകരണ പത്രവും മറ്റു രേഖകളും ചേളാരിയിലുള്ള സമസ്താലയത്തില്‍ വെച്ച് കഴിഞ്ഞ ദിവസം മദ്റസാ പ്രതിനിധികള്‍ക്ക് കൈമാറി. സമസ്തയുടെ സിലബസിനനുസരിച്ച് ഒരു പതിറ്റാണ്ടോളമായി അല്‍കോബാറില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ നിലവില്‍ അന്പതോളം വിദ്യാര്‍ത്ഥികളും ഒന്ന് മുതല്‍ ഏഴാം തരെ വരെയുള്ള ക്ലാസ്സുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമസ്തയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഇനിമുതല്‍ മദ്റസ മാനേജ്മെന്‍റ് വ്യവസ്ഥകളും പഠന പരീക്ഷാ രീതികളും സമസ്തയുടെ നിയമാവലിയും കരിക്കുല സന്പ്രദായങ്ങളുമനുസരിച്ചായിരിക്കും നടത്തപ്പെടുകയെന്ന് സ്വദര്‍ മുഅല്ലിം മുസ്ഥഫ ദാരിമി വ്യക്തമാക്കി. 5, 7 ക്ലാസുകളിലെ പൊതുപരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് സമസ്തയുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഇവിടെ നിന്ന് നേരിട്ട് ലഭ്യമാക്കും. സ്വദേശത്ത് ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ നിന്ന് ടി.സി. ഉപയോഗപ്പെടത്തി പ്രത്യേക പരീക്ഷാ കടന്പകളൊന്നും കൂടാതെ തന്നെ നാട്ടിലെ മദ്റസകളില്‍ നിലവിലെ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും. ഖുര്‍ആന്‍, ഹദീസ്, വിശ്വാസ കര്‍മ്മശാസ്ത്ര പഠനങ്ങള്‍ക്ക് പുറമെ ആരാധനാ കര്‍മ്മങ്ങളുടെ പ്രായോഗിക പരിജ്ഞാനവും ഇസ്‍ലാമിക കലാ സാഹിത്യ പരിശീലനവും ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസയില്‍ നല്‍കി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ സൂചിപ്പിച്ചു
- അശ്റഫ് അലാത്, ദമ്മാം -