കപട ആത്മീയതയെ തിരിച്ചറിയുക: ആത്മീയ സമ്മേളനം

മലപ്പുറം : ആധുനിക ലോകത്തെ പ്രശ്‌നങ്ങള്‍ക്ക്‌ മൂലകാരണം ആത്മീയതയുടെ അഭാവമാണെന്നും മനുഷ്യന്റെ ജീവിതം ക്രമപ്പെടുത്താന്‍ തസ്വവ്വുഫിനേ കഴിയൂവെന്നും എന്നാല്‍ ആത്മീയ മേഖലയില്‍ നടക്കുന്ന ചൂഷണത്തെ കരുതിയിരിക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടന്ന `തസ്‌കിയ' സമ്മേളനം അഭിപ്രായപ്പെട്ടു.

മനുഷ്യ മനസ്സുകളെ ശാന്തമാക്കുന്നതിലൂടെ സമൂഹത്തില്‍ സമാധാനം സൃഷ്‌ടിക്കുകയാണ്‌ തസ്വവ്വുഫിന്റെ ധര്‍മം. അന്യര്‍ക്ക്‌ വേണ്ടി ത്യാഗം ചെയ്യാനും അവരുടെ സുഖ ദു:ഖങ്ങളില്‍ പങ്കാളിയാവാനുമുള്ള മനസ്സുണ്ടാവുമ്പോഴേ `തസ്‌കിയ'ത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമാവൂ. അത്തരത്തിലുള്ള സംരംഭങ്ങളാണ്‌ സമൂഹത്തില്‍ ഉണ്ടാവേണ്ടത്‌. 

വ്യാജ സൂഫികളും വ്യാജ ആത്മീയ ചികിത്സകരും വ്യാപകമായിക്കൊണ്ടിരിക്കുന്നതിനെതിരെയും വ്യാജ ആത്മീയതയെ ചൂണ്ടിക്കാട്ടി തസ്വവ്വുഫിനെ തള്ളിപ്പറയുന്നതിനെതിരെയും പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. അബ്‌ദുസ്സലാം ഖാസിം അഹ്‌മദ്‌ യമന്‍ മുഖ്യാതിഥിയായിരുന്നു. 
`സൂഫികളുടെ ജീവിതം' എന്ന വിഷയത്തില്‍ സെയ്‌ത്‌ മുഹമ്മദ്‌ നിസാമി, `നിത്യ ജീവിതത്തിലെ വിശുദ്ധി' എന്ന വിഷയത്തില്‍ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, `ആത്മീയതയുടെ ആശയതലം' എന്ന വിഷയത്തില്‍ സി.ഹംസ സാഹിബ്‌ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പി ഇസ്‌ഹാഖ്‌ ബാഖവി, ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍ സംസാരിച്ചു. 
കോഴിക്കോട്‌ ഖാദി സയ്യിദ്‌ നാസ്വിര്‍ ഹയ്യ്‌ തങ്ങള്‍, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, സമസ്‌ത വൈസ്‌.പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍, വാവാട്‌ കുഞ്ഞിക്കോയമുസ്‌ലിയാര്‍, സയ്യിദ്‌ ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ കണ്ണൂര്‍, ശൈഖ്‌ സൈനുല്‍ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ്‌, കാഞ്ഞങ്ങാട്‌ ഖാദി സയ്യിദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍, സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, സി.എച്ച്‌ ബാപ്പുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത-സാദാത്തീങ്ങള്‍ ആത്മീയ സദസ്സിന്‌ നേതൃത്വം നല്‍കി.