സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ് മുസ്‌ലിംകളെ അവഗണിച്ചു- SKSSF

കരുനാഗപ്പള്ളി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതേതര പാര്‍ട്ടികള്‍ മുസ്‌ലിംകളോട് കടുത്ത അവഗണന കാണിച്ചതായി എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ മേഖലാ ക്യാംപ് വിലയിരുത്തി. സംസ്ഥാനത്ത് 24 ശതമാനം ജനസംഖ്യാ പ്രാതിനിധ്യമുള്ള മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസ് ആനുപാതിക പ്രാതിനിധ്യത്തിന്റെ പകുതി പോലും നല്‍കിയില്ല. മുസ്്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന മുസ്‌ലിംലീഗ് പോലും ജനറല്‍ സീറ്റില്‍ ഒരു ദലിതനെ മല്‍സരിപ്പിക്കാന്‍ തയ്യാറായത് മറ്റു കക്ഷികള്‍ക്ക് മാതൃകയാണ്. ഒരു നിര്‍ണായക ഘട്ടത്തില്‍ മുസ്്‌ലിം ഭൂരിപക്ഷപ്രദേശത്ത് നിന്ന് എ കെ ആന്റണിയെ മല്‍സരിപ്പിച്ചു ജയിപ്പിച്ച മാതൃക കോണ്‍ഗ്രസ് നേതൃത്വം വിസ്മരിച്ചുവെന്ന് യോഗം ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി തഴവ ഉസ്താദ്‌ മെമ്മോറിയല്‍ വാഫി കോളജില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ദ്വിദിന പഠനക്യാംപ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹിദായത്തുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി മൌലാനാ തൊടിയൂര്‍മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യാതിഥിയായിരുന്നു.
അബൂബക്കര്‍ ഫൈസി കണിയാപുരം, തഴവ അഹ്മദ്‌കോയ മുസ്്ല്യാര്‍, ടി എ ഷാജഹാന്‍ ഫൈസി, ഇല്യാസ് വാഫി, എസ് അഹ്്മദ് ഉഖൈല്‍, അബ്്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുഹമ്മദ് സലിം മന്നാനി, അബൂബക്കര്‍ ഫൈസി മലയമ്മ, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, നവാസ് പാനൂര്‍, ഖയ്യൂം കടമ്പോട് സംസാരിച്ചു.