SKSSF നാഷണല്‍ കാന്പസ് കോള്‍ - സമ്മേളനം ഇന്ന് സമാപിക്കും

തൃശൂര്‍ : ധാര്‍മ്മികതയിലൂന്നിയ വിദ്യാര്‍ത്ഥി നവജാഗരണത്തിന്‍റെ സന്ദേശം വിളംബരം ചെയ്ത് SKSSF നാഷണല്‍ കാന്പസ് കോളിന് തുടക്കം. ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ നലകൊള്ളേണ്ടത് മനുഷ്യ സമാധാനത്തിന് വേണ്ടിയാകണമെന്നും ജീവന്‍റെ നിലനില്‍പ്പ് സഹിഷ്ണുതയിലും സന്തുലനത്തിലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗരികതയില്‍ മത്സരബുദ്ധി വര്‍ദ്ധിക്കുന്നതാണ് സാഹോദര്യം തകരാന്‍ കാരണം. മനുഷ്യത്വം നിശബ്ദമാകുന്നിടത്താണ് മത സൗഹാര്‍ദ്ദം തകരുന്നത്. സര്‍ഗ്ഗാത്മതയാണ് അതിജീവനത്തിന്‍റെ രഹസ്യം. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സര്‍വ്വകലാശാലകളില്‍ ഒരെണ്ണത്തില്‍ പോലും ജീവിതകാല ശാസ്ത്രം പഠിപ്പിക്കുന്നില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. കമ്മ്യൂണല്‍ ഹാര്‍മണി ആന്‍റ് ഇന്ത്യ 2020 എന്ന വിഷയത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഫൈസല്‍ മാരിയാട്, ഡോ. ബഹാഉദ്ദീന്‍ നദ്‍വി, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സ്വാമി അവ്യാനന്ദ, ഓണന്പിള്ളി മുഹമ്മദ് ഫൈസി, സുബൈര്‍ ഹുദവി ചേകനൂര്‍ സംസാരിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എസ്. ഹംസ, കെ.എ.ടി.എഫ്. ജന.സെക്രട്ടറി കെ. മോയീന്‍ കുട്ടി, ശാഹുല്‍ ഹമീദ് മേല്‍മുറി, എസ്.എം.കെ. തങ്ങള്‍, ചേറ്റുവ ഹംസ മുസ്‍ലിയാര്‍, കുഞ്ഞുമുഹമ്മദ് ഹാജി, ടി.എസ്. മമ്മി ആശംസകളര്‍പ്പിച്ചു. 

ഫിഖ്‍ഹ് ദി ലൈറ്റ് ഓഫ് മുസ്‍ലിം മുഖാമുഖം പരിപാടിയില്‍ എം.പി. മുസ്തഫ ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നബിദിന സമ്മേളനവും മൗലിദ് പാരായണവും നടന്നു. 

സമ്മേളനം ഇന്ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.skssfcampazone.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.
- ഇര്‍ശാദ് -