പണ്ഡിതരെ വലിച്ചിഴക്കാനുള്ള ജമാഅത്ത് നീക്കം ദുരൂഹത നിറഞ്ഞത്: എസ്.വൈ.എസ്


കോഴിക്കോട് : വിവാദ വിഷയങ്ങളില്‍ മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ , ഹാജി കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇടപെടാറില്ല. കേരളീയ സമൂഹത്തിന്റെ പരിഷ്‌കൃത വിചാര പരിസരങ്ങളെ പരിഹസിക്കുന്നവിധം മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ പണ്ഡിതന്‍മാരല്ല നിലപാട് വ്യക്തമാക്കേണ്ടതെന്നും അത്തരം ഒളിയജണ്ടകളുള്ള ജമാഅത്തെ ഇസ്ലാമിയാണെന്നും നേതാക്കള്‍ പറഞ്ഞു. കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള വികൃതിമാത്രമല്ല ഒറ്റുകാര്‍ക്ക് വംശനാശം സംഭവിച്ചില്ലെന്ന സംശയം ബലപ്പെടുത്തുന്നതാണ് ജമാഅത്ത് നേതാവിന്റെ പ്രസ്താവന നല്‍കുന്ന സൂചനയെന്നും നേതാക്കള്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ പ്രശ്‌നത്തില്‍ ഒരു സമുദായത്തെ പ്രത്യേകിച്ച് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ വേട്ടയാടുന്നത് ശരിയല്ലെന്നും വേട്ടക്ക് തീവ്രത കൂട്ടാനുള്ള നീക്കം മാത്രമാണ് ഒരു വ്യക്തിയെ ആദ്യം പിടികൂടിയതെന്നും കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു രംഗത്ത് ഒരിക്കലും അനുവദിച്ചു കൂടാത്ത പ്രവര്‍ത്തനങ്ങള്‍ സാമാന്യ വല്‍ക്കരിച്ചു മാധ്യമ വിപണനം ഉറപ്പിക്കുന്ന നിലപാടുകള്‍ മാധ്യമ ധര്‍മ്മമല്ല. ഇത്തരം നിഗൂഡതകള്‍ക്ക് എന്നും ഒത്താശ ചെയ്തു പോരുന്ന പാരമ്പര്യം ജമാഅത്തെഇസ്ലാമിക്കുണ്ടെന്നും നല്ലപിള്ള ചമഞ്ഞു ആളാവാനുള്ള ജമാഅത്ത് നീക്കം സമൂഹം തള്ളി കളയുമെന്നും നേതാക്കള്‍ പറഞ്ഞു.