മദ്രസകള്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ : കുല്‍ദീപ്‌ നെയ്യാര്‍

ന്യൂഡല്‍ഹി : ഇതരമതസ്‌തര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്താനായിരിക്കണം മദ്‌റസകള്‍ ശ്രമം നടത്തേണ്ടതെന്ന്‌ പ്രഗത്ഭ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നെയ്യാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയതല ഉല്‍ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്‌ മതേതരവും മതകീയവും എന്ന വേര്‍തിരിവ്‌ ആവശ്യമില്ലെന്നും മദ്രസകള്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തില്‍ മദ്‌റസകളെ കുറിച്ച തെറ്റിദ്ധാരണകള്‍ തിരുത്താന്‍ മദ്‌റസകളില്‍നിന്നു തന്നെ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്‌. പരിപാടിയില്‍ വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തെ ഇസ്‌ലാമും മുസ്‌ലിംകളും ഏറെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ജനാധിപത്യം അവര്‍ക്ക്‌ സ്വീകാര്യമയിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ആമുഖപ്രസംഗം നടത്തി. ഡല്‍ഹി ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി മുഖ്യാതിഥിയായിരുന്നു. സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ആദ്ധ്യക്ഷ്യം വഹിച്ചു. 


തുടര്‍ന്ന്‌ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ചര്‍ച്ച നിയന്ത്രിച്ചു. കാലത്തിന്റെ അനിവാര്യതയനുസരിച്ച്‌ മുസ്‌ലിം വിദ്യാസ രംഗം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന്‌ സെമിനാര്‍ ആവശ്യപ്പെട്ടു. ഡോ. യു.വി.കെ. മുഹമ്മദ്‌ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹാജി. യു. ശാഫി നന്ദി പറഞ്ഞു.

പരിപാടിയില്‍ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്തു. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദയൂബന്ദ്‌ ദാറുല്‍ ഉലൂം തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരുന്നു.
- മോയിന്‍ മലയമ്മ -