വിജ്ഞാനം സമൂഹ നന്മക്ക് ഖത്തറില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍

ദോഹ : വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ ലക്ഷ്യബോധവും വിവേകവുമുള്ള ഉത്തമ പൌരന്മാരാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, കൗമാരക്കാര്‍, രക്ഷിതാക്കള്‍, പ്രവാസീ കുടുംബങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് പ്രമുഖ അദ്ധ്യാപക പരിശീലകനും മനഃശാസ്ത്ര കൗണ്‍സിലറുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കും.

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8.30 ന് സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാക്ഷാകര്‍തൃ പരിശീലനത്തോടെ പരിപാടികള്‍ ആരംഭിക്കും. നല്ല കുട്ടി, നല്ല രക്ഷിതാവ് എന്ന വിഷയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ കുട്ടികളുടെ വളര്‍ച്ചയും പഠനവും സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കും.

ഫെബ്രുവരി 4 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ ഖത്തറിലെ പ്രവാസീ കുടുംബങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ടാകും. സ്നേഹമുള്ള കുടുംബം കുട്ടികളുടെ സ്വര്‍ഗ്ഗം എന്ന വിഷയം ചര്‍ച്ച ചെയ്യും.

ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് വക്റ ഭവന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി ബാല സദസ്സ് നടക്കും. പഠിക്കാന്‍ പഠിക്കാം കൂട്ടുകാരേ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കും. വൈകുന്നേരം 4 മണിക്ക് കേരള ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടീനേജ് മീറ്റില്‍ കൗമാര പ്രശ്നങ്ങളും ശാക്തീകരണവും എന്ന വിഷയം ചര്‍ച്ച ചെയ്യും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബൂബക്കര്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ സഫാരി, കെ.ബി.കെ. മുഹമ്മദ്, ഇഖ്ബാല്‍ കൂത്തുപറന്പ്, മൊയ്തീന്‍ കുട്ടി വയനാട്, സകരിയ്യ മാണിയൂര്‍, ബശീര്‍ മൗലവി, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.

കാന്പയിന്‍ കാലയളവില്‍ വ്യക്തിഗത കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഭയം (ഫോര്‍ബിയ), പഠന പ്രശ്നങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍ എന്നിവക്ക് പരിഹാരമാഗ്രഹിക്കുന്നവര്‍ 33153513 എന്ന നന്പറില്‍ ബന്ധപ്പെടണം. പരിപാടികളില്‍ സംബന്ധിക്കുന്നതിനായി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഖത്തറില്‍ എത്തിക്കഴിഞ്ഞു.
- സകരിയ്യ മാണിയൂര്‍ -