ദാറുല്‍ഹുദ സില്‍വര്‍ജൂബിലി : വിദ്യാഭ്യാസ സെമിനാര്‍ ഏഴിന്‌

ന്യൂഡല്‍ഹി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സെമിനാര്‍ ഫൈബ്രുവരി ഏഴിന്‌ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ഉച്ചക്കുശേഷം നടക്കുന്ന ഉദ്‌ഘാടന പരിപാടിയോടനുബന്ധിച്ചായിരിക്കും സെമിനാര്‍ സെഷന്‍. `റിസ്‌ട്രക്‌ചറിംഗ്‌ മദ്‌റസ എജുക്കേഷന്‍ ഇന്‍ ഇന്ത്യ: പ്രോബ്ലംസ്‌ ആന്റ്‌ പ്രോസ്‌പെക്‌റ്റസ്‌ എന്ന വിഷയത്തെ അധികരിച്ച്‌ ചര്‍ച്ചകള്‍ നടക്കും. തെന്നിന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവാത്മകമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചെമ്മാട്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ്‌ ഇത്‌ സംഘടിപ്പിക്കപ്പെടുന്നത്‌.

ഇന്ത്യന്‍ മുസ്‌ലിംകളുടെ മത ഭൗതിക വിദ്യാഭ്യാസ പ്രശ്‌നങ്ങളും പരിഹാരങ്ങളും ആഴത്തില്‍ അന്വേഷിക്കുന്ന സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ചെയറായിരിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേസനുകള്‍ നടക്കും. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും സെമിനാര്‍.

പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, ഡോ. യു. വി. കെ. മുഹമ്മദ്‌, ഹാജി യൂ. മുഹമ്മദ്‌ ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.
- മോയിന്‍ മലയമ്മ, മീഡിയ കമ്മിറ്റി -