തിരുനബികേശം ആധികാരികത പരിശോധിക്കണം : ഡോ.ബഹാഉദ്ദീന്‍ നദ്‌വി

കോഴിക്കോട്‌ : ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. ഇന്നലെ കോഴിക്കോട്‌ നടന്ന ``നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍'' എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌. 

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌.