മുസ്‌ലിം വിദ്യാഭ്യാസരീതികള്‍ കാലോചിതമായി പരിഷ്‌കരിക്കുക: ദാറുല്‍ ഹുദാ സെമിനാര്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനം വിവിധ പഠന ശാഖകളെ കൂടി ഉള്‍കൊള്ളുന്നതാകണമെന്നും വിദ്യാഭ്യാസത്തെ മതഭൗതികമായി വേര്‍തിരിച്ചു കാണേണ്ടതില്ലെന്നും ദാറുല്‍ ഹുദ ദേശീയ സെമിനാര്‍ അഭിപ്രയപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ ഹാദിയ ഡല്‍ഹി ചാപ്‌റ്ററാണ്‌ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്‌.

മുസ്‌ലിം വിദ്യാഭ്യാസ സംവിധാനം സര്‍വ കലകളെയും ഉള്‍കൊള്ളിക്കുന്ന രീതിയില്‍ പരിഷ്‌കരിക്കേണ്ടതുണ്ട്‌. ഏതു രീതിയിലുള്ള ജ്ഞാനവും ഇസ്‌ലാമില്‍ പവിത്രമാണ്‌. ആധുനികമായ അറിവുകള്‍ കൂടി നല്‍കി കലോചിതരായ പണ്‌ഡിത വൃന്ദത്തെ വാര്‍ത്തെടുക്കുന്നതില്‍ ഉത്തരേന്ത്യന്‍ മതകലാലയങ്ങള്‍ ദാറുല്‍ ഹുദായെ മാതൃകയാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നിര്‍ബന്ധ ബാധ്യതയാണെന്ന തിരിച്ചറിവോടെ മതകലാലയങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇസ്‌ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന്‌ അധ്യക്ഷം വഹിച്ച പ്രൊഫ. അക്തറുല്‍ വാസി അഭിപ്രായപ്പെട്ടു.

ആധുനിക സര്‍വകലാശാലകളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മധ്യകാല ഇസ്‌ലാമിക മദ്രസകളുടെ പങ്ക്‌ ചരിത്രത്തില്‍ നിന്ന്‌ വായിച്ചെടുക്കാനാകുമെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌ വൈസ്‌ ചെയര്‍മാന്‍ പ്രൊഫ. ശാഹിദ്‌ മഹ്‌ദി പറഞ്ഞു. ഓക്‌സ്‌ഫോഡ്‌ പോലുള്ള സര്‍വകലാശാലകളുടെ ആര്‍കിടെച്ചറില്‍ വരെ അതിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം പറഞ്ഞു. അതിനൂതനവും കാലോചിതവുമായ വിജ്ഞാനീയങ്ങള്‍ ഉദ്‌പാദിപ്പിക്കാനും, ഓരോ മേഖലകളിലും കഴിവുറ്റ പണ്ഡിതവൃന്ദത്തെ വാര്‍ത്തെടുക്കാനും ഇസ്‌ലാമിക സര്‍വകലാശാലകള്‍ക്ക്‌ കഴിയാതെ പോകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പുതിയ ശ്രമങ്ങള്‍ക്ക്‌ കഴിയണമെന്നും പ്രൊഫ. മഹ്‌ദി പറഞ്ഞു.

മതപരമായ ആശയ സംവാദങ്ങളുടെ ഉദ്‌പാദനകേന്ദ്രങ്ങള്‍ മാത്രമായിത്തീരുന്ന ഉത്തരേന്ത്യന്‍ മദ്‌റസകള്‍ക്ക്‌, ദക്ഷിണേന്ത്യന്‍ മദ്‌റസകള്‍ വലിയൊരു പാഠമാണെന്ന്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പുതിയ നവോത്ഥാനം സൃഷ്‌ടിക്കാന്‍ ഉര്‍ദുബെല്‍റ്റിന്‌ പുറത്ത്‌ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതൃത്വത്തിന്‌ തീര്‍ച്ചയായും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
ഉത്തരേന്ത്യന്‍ ഉര്‍ദു മേഖലകളിലെ മദ്രസകളില്‍ തൊണ്ണൂറ്‌ ശതമാനവും പിന്നാക്ക കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണ്‌ പഠിക്കുന്നതെന്നും പരിഷ്‌കരണങ്ങള്‍ നടത്താന്‍ മേധാവികള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ജാമിഅ മില്ലിയ്യയിലെ പ്രൊഫ. അര്‍ഷദ്‌ ആലം നിരീക്ഷിച്ചു. എന്നാല്‍ കേരളത്തിലെ സ്ഥാപനങ്ങളില്‍ കഴിവ്‌ അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രവേശനം നല്‍കുന്നതെന്നും പാവങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കുകയാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മതവിദ്യാഭ്യാസത്തില്‍ ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന സമന്വയ വിദ്യാഭ്യസത്തിന്റെ കേരള മോഡല്‍ ഇന്ത്യയൊട്ടുക്കും നടപ്പില്‍ വരുത്താനാണ്‌ ശ്രമങ്ങള്‍ നടക്കേണ്ടതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ പ്രൊഫ. അക്തറുല്‍ വാസിഅ്‌ അധ്യക്ഷം വഹിച്ച സെമിനാറില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നവാസ്‌ നിസാര്‍ ആമുഖ ഭാഷണം നടത്തി. ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ എക്‌ണോമിക്‌സിലെ ഡോ. ഫൈസല്‍ ഹുദവി ദാറുല്‍ ഹുദാ മൂവ്‌മെന്റിനെ മുന്‍നിര്‍ത്തി, ഇന്ത്യയിലെ മദ്‌റസകള്‍ എങ്ങനെ പരിഷ്‌കരിക്കാമെന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു.

- മോയിന്‍ മലയമ്മ -