ഖാസിയുടെ ദുരൂഹമരണം : ആത്മീയ ചികിത്സകനെ സിബിഐ വിളിച്ചുവരുത്തും

കാസര്‍കോട് : ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൌലവിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സി.ബി.ഐ വിദേശത്തു കഴിയുന്ന കര്‍ണാടക സ്വദേശിയായ ആത്മീയ ചികത്സകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു മൊഴിയെടുക്കും. ഖാസി സി.എം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഫെബ്രുവരി 15ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആത്മീയ ചികിത്സകനെ കേന്ദ്രീകരിച്ച് നീങ്ങുന്നത്. പോലിസും െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട് അഞ്ചു മാസത്തോളമായി. കേസന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ദക്ഷിണ കര്‍ണാടക, ഉഡുപ്പി, കൂര്‍ഗ് ജില്ലാകളില്‍ നിന്നും നിരവധിപേരെ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ കേസന്വേഷണ ചരിത്രത്തില്‍ വളരെയധികം സങ്കീര്‍ണ്ണങ്ങളുള്ള കേസായതിനാല്‍ എല്ലാ സാധ്യതകളും സി.ബി.ഐ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതൊരു കൊലപാതകമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.