പ്രവാചക ചര്യ ഇകഴ്‌ത്തിക്കാണിക്കുന്നവരെ തിരിച്ചറിയുക

ദുബൈ അര്‍പ്പണ ബോധത്തോടെ ജീവിതം ധന്യമാക്കിയ മുന്‍കാല സ്വഹാബികളുടെയും പ്രവാചകര്‍ (സ) തങ്ങളുടെയും ധന്യമായ ജീവിതം സമൂഹത്തിന്‌ മുന്നില്‍ ഇകഴ്‌ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന്‌ പ്രഗത്ഭ പ്രാസംഗികനും യുവ പണ്ഡിതനുമായ സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്‌ഹരി അഭ്യര്‍ത്ഥിച്ചു. കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ചൈതന്യവത്തായ ജീവിതം നിലനിര്‍ത്താന്‍ സമൂഹം പ്രവാചക ചര്യ മുറുകെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഒട്ടേറെ ദുര്‍ഘടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും തനിക്കു നല്‍കപ്പെട്ട ഉത്തരം കിട്ടുന്ന പ്രാര്‍ത്ഥന ഈ ഉമ്മത്തിന്റെ പരലോക പരിരക്ഷക്ക്‌ വേണ്ടി മാറ്റി തിരുനബി (സ) കരുണാര്‍ദ്രമായ ജീവിതമാണ്‌ കാഴ്‌ച വെച്ചത്‌. ആ തിരുനബിയെ (സ) മനസ്സില്‍ നിന്ന്‌ എടുത്തു കളയാനുള്ള കുടില ശ്രമമാണ്‌ പുത്തന്‍വാദികള്‍ നടത്തിവരുന്നത്‌. അത്തരം ശ്രമങ്ങളെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദേര ലാന്റ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ സംഘടിപ്പിച്ച കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം നബിദിന കാമ്പയിനില്‍ മുഖ്യപ്രഭാഷണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ്‌ കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രോഗ്രാം ഉദ്‌ഘാടനം അബ്ദുസ്സലാം ബാഖവി ഉദ്‌ഘാടനം ചെയ്‌തു. ഖലീലുറഹ്‌മാന്‍ കാശിഫി ആശംസകളര്‍പ്പിച്ചു. ശൗക്കത്ത്‌ ഹുദവി സ്വാഗതവും ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.