കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു .

കുവൈത്ത്‌ സിറ്റി : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ലിക്‌ ദിനത്തില്‍ 'രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ ' എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന ജാലിക പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയതു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദങ്ങള്‍ വിസ്‌മരിച്ച്‌ ഓരൊറ്റ ജനതയായി നിലകൊണ്ടതിനാലാണ്‌ നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നും നമുക്ക്‌ മോചനം ലഭ്യമായത്‌. മതേതര ജനാധിപത്യ മൂല്യങ്ങള്‍ കൈവിടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഭരണകൂടവും നീതിപീഠവും ജാഗ്രത പാലിക്കണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സാമ്രാജ്യത്വത്തിന്‌ മുന്നില്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ അടിയറ വെക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞടുത്ത്‌ അപഹസിക്കാനുള്ള ഫാസിസ്റ്റ്‌ കൂട്ടായ്‌മകളുടെ ഹിഡന്‍ അജണ്ടകളും അഴിമതിയും പ്രതിരോധത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന നടത്തുന്ന ഇടപെടലുകളുമെല്ലാം രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവയെ പ്രതിരോധിക്കാന്‍ ഓരുമയോടെ മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.

ഇസ്‌ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജാലികയില്‍ പ്രസിഡന്റ്‌ സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ പ്രമേയ പ്രഭാഷണം നടത്തി, ഇല്‍യാസ്‌ മൗലവി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു
- ഗഫൂര്‍ ഫൈസി, പൊന്മള -