ആധുനിക വിദ്യാഭ്യാസം സാമൂഹ്യ ബോധമുള്ള തലമുറക്ക് വഴിതുറക്കണം : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

ഷാര്‍ജ്ജ : വിദ്യാഭ്യാസ മേഖലയില്‍ കരിയറിസം വ്യാപകമായി വരികയും കൂടുതല്‍ പണം ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളായി കുട്ടികള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സാമൂഹ്യ ബോധവും നന്മയും ഉള്‍ക്കൊള്ളുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ സമൂഹം കൂടുതല്‍ ജാഗരൂഗരാവേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഷാര്‍ജ്ജയില്‍ എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്റ്റെപ്പ് പ്രോജക്ടിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക സമുദായത്തിന്‍റെ പ്രാധിനിത്യമില്ലായ്മ പരിഹരിക്കുന്നതിനുള്ള കാര്യക്ഷമമായ പദ്ധതിയാണ് സ്റ്റെപ്പ് വിഭാവനം ചെയ്യുന്നത്. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളെ കേരളത്തിലെ മൂന്ന് സോണുകളില്‍ നിന്ന് പ്രത്യേക പ്രതിഭാ നിര്‍ണ്ണയ പരീക്ഷകളിലൂടെ തെരഞ്ഞെടുത്ത് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി പരിശീലിപ്പിച്ച് സജ്ജരാക്കുകയാണ് പദ്ധതി. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന ഇത്തരം മുന്നൂറ് പ്രതിഭകളെ അഞ്ച് വര്‍ഷക്കാലത്തെ നിരന്തരമായ പരിശീലനങ്ങളിലൂടെയും വിവിധ വര്‍ക്ക്ഷോപ്പുകളിലൂടെയും സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷക്ക് വേണ്ടി പ്രാപ്തരാക്കും. ഇതിനായി ട്രെന്‍റിന്‍റെ കീഴില്‍ ഇതിനകം പരിശീലനം സിദ്ധിച്ച റിസോഴ്സ് അദ്ധ്യാപകരുടെ സേവനം ഉള്‍പ്പെടുത്തും. വിവിധ തലങ്ങളിലുള്ള സാമൂഹഹ്യ പങ്കാളിത്തം, രക്ഷിതാക്കളുടെ കൂട്ടായ്മ, സിവില്‍ സര്‍വ്വീസ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എന്നിവ പദ്ധതി കാലയളവില്‍ ഉറപ്പ് വരുത്തും. ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ത്ഥി പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്ന ഈ പ്രവര്‍ത്തനം ട്രെന്‍റിന്‍റെ സ്വപ്ന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.

എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴില്‍ നേരത്തെ നടത്തി വന്നിരുന്ന എച്ച്..ടി. പദ്ധതിക്ക് ലഭിച്ചുകൊണ്ടിരുന്ന ക്രിയാത്മകമായ പ്രതികരണത്തിന്‍റെ പ്രതിഫലനമാണ് ഈ പദ്ധതി. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഉന്നത വിദ്യാലയങ്ങളിലേക്കയച്ച് സിവില്‍ സര്‍വ്വീസിന് വേണ്ടി പരിശീലിപ്പ് വരികയാണ്. എന്നാല്‍ പുതിയ പദ്ധതി സമൂഹത്തില്‍ താഴേക്കിടയിലുള്ള പ്രതിഭകളെ നേരത്തെ കണ്ടെത്തി കൂടുതല്‍ മികവോടെ വളര്‍ത്തിക്കൊണ്ടു വരാന്‍ സഹായകമാകും. സമൂഹത്തിലെ വിവിധ തുറകളിലുള്ള ധാരാളം കുട്ടികള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

ഹോട്ടല്‍ സഹാറയില്‍ നടന്ന സംഗമത്തില്‍ കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി മാസ്റ്റര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ഖലീലുറഹ്‍മാന്‍ കാശിഫി, റഫീഖ് സകരിയ്യ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഇബ്റാഹീം എളേറ്റില്‍, സഅദ് പുറക്കാട് ആശംസകളര്‍പ്പിച്ചു. ഹെര്‍ക്കുലീസ് ഗ്രൂപ്പ് എം.ഡി. ലത്തീഫ് ഹാജി പ്രോജക്ടിന് വേണ്ടിയുള്ള ആദ്യഗഡു സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. റസാഖ് വളാഞ്ചേരി സ്വാഗതവും അഹ്‍മദ് സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു.