പ്രവാസികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

റിയാദ് : മത സംഘടനകള്‍ മതപ്രബോധനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ശ്രദ്ധിക്കണം. സംഘബോധവും സംഘടിക്കാനുള്ള അവസരവും നമുക്ക് ലഭിച്ച അനുഗ്രഹങ്ങളാണ്. അവ നന്മയുടെ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുക. സമൂഹത്തില്‍ വളര്‍ന്നു വരുന്ന പല ആചാരങ്ങളും ജീവിതം ഭാരമേറിയതാക്കുകയാണ്. ലാളിത്യം പാലിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച വിവാഹചടങ്ങുകള്‍ ഇന്ന് ഏറ്റവും ചിലവേറിയതായിരിക്കുന്നു. ധൂര്‍ത്തും സമൂഹത്തില്‍ മാന്യത നേടാനുള്ള ആര്‍ഭാടങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങള്‍ക്ക് പിന്നിലും സാന്പത്തീക പ്രതിസന്ധി ഒരു കാരണമാണ്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്പോഴും പ്രയാസപ്പെടുന്നവന്‍റെ കണ്ണുനീരൊപ്പാന്‍ പ്രവാസികള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

റിയാദ് ഇസ്‍ലാമിക് സെന്‍ററിന് കീഴിലുള്ള വാദീനൂര്‍ ഹജ്ജ് സര്‍വ്വീസ് നല്‍കുന്ന വിവാഹ ധനസഹായം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. റഹ്‍മാന്‍ ഫൈസി കാവനൂര്‍, സി.എം. കുട്ടി സഖാഫി, മുഹമ്മദ് ഫൈസി ഓണന്പിള്ളി, മുസ്തഫ ബാഖവി പെരുമുഖം, അലവിക്കുട്ടി ഒളവട്ടൂര്‍, ബശീര്‍ ഫൈസി ചുങ്കത്തറ, നൌഷാദ് വൈലത്തൂര്‍, ഇഖ്ബാല്‍ കാവനൂര്‍, കബീര്‍ വൈലത്തൂര്‍, ശാഫി വടക്കേകാട്, ശറഫുദ്ധീന്‍ വെന്‍മേനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
- അബൂബക്കര്‍ ഫൈസി -