സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹം : ഇ.ടി

ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഓരോ പൌരനും ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യവുമാണ് ഭാരതമെന്ന് ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി. അഭിപ്രായപ്പെട്ടു. രാജ്യം പൌരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം രാജ്യതാല്‍പര്യത്തിനുമപ്പുറത്ത് ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അയല്‍ക്കാരനെയും സ്വരാജ്യത്തെയും സ്നേഹിക്കുക എന്നതാണ് ഇസ്‍ലാം അനുശാസിക്കുന്നത്. അവിടെ ജാതിയുടെയോ മതത്തിന്‍റെയോ കാര്യം നോക്കേണ്ടതില്ല. സ്വന്തം അയല്‍ക്കാരന്‍റെ പ്രയാസം അറിഞ്ഞ് സഹായിക്കാത്തവന് രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും സ്നേഹത്തിന്‍റെ സന്ദേശമാണ് നല്‍കുന്നതെന്നും രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളുടെ പേരിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം യു... പ്രസിഡന്‍റ് ഇ. സതീഷ് അഭിപ്രായപ്പെട്ടു. മാലേഗാവ് പോലെയുള്ള സംഭവങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ആത്മപരിശോധന നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശുഐബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ശക്കീര്‍ കോളയാട് മനുഷ്യജാലിക ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാബാ ജോസഫ്, അബ്ദുസ്സലാം ബാഖവി, ഉബൈദ് ചേറ്റുവ, ടി.എന്‍.. ഖാദര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
- ശക്കീര്‍ കോളയാട്  -