ആത്മീയ വിദ്യാഭ്യാസം ഔന്നത്യത്തിന്‍റെ അടിത്തറ : സ്വാദിഖലി ശിഹാബ് തങ്ങള്‍

മനാമ : കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം സാംസ്കാരിക ഔന്നത്യത്തിന്‍റെ അടിത്തറയായ ആത്മീയ വിദ്യാഭ്യാസവും സമന്വയിക്കപ്പെടുന്പേഴാണ് ധര്‍മബോധമുള്ള തലമുറ വളര്‍ന്ന് കരികയുള്ളൂവെന്നും, ഈ മേഖല സജീവമാക്കുന്നതില്‍ മദ്റസാ പ്രസ്ഥാനം നിര്‍വ്വഹിക്കുന്ന സേവനം നിസ്തുലമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് മനാമ മദ്റസയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വലാത്ത് മജ്‍ലിസിനോടനുബന്ധിച്ചാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നിരുനബിയോടുള്ള ആത്മീയാനുരാഗത്തിന്‍റെ അനിര്‍വ്വചനീയ അനുഭൂതി നല്‍കുന്ന സ്വലാത്ത് ജീവിതത്തില്‍ പതിവാക്കേണ്ടത് അനിവാര്യമാണെന്നും വ്യാകുലപ്പെടുന്ന മനസ്സുകള്‍ക്ക് ദിക്റ്-സ്വലാത്ത് സദസ്സുകള്‍ ആശ്വാസ കേന്ദ്രങ്ങളാണെന്നും തങ്ങള്‍ ഉദ്ബോധിപ്പിച്ചു.

എം.സി. അലവി മൗലവി, എം.സി. മുഹമ്മദ് മുസ്‍ലിയാര്‍, പി.കെ. ഹൈദര്‍ മൗലവി, എസ്.എം. അബ്ദുല്‍ വാഹിദ്, കുട്ടൂസ് കുഞ്ഞബ്ദുല്ല ഹാജി, അശ്റഫ് കാട്ടില്‍പീടിക, ശഹീര്‍ കട്ടാന്പള്ളി, അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍, മൌസല്‍ മൂപ്പന്‍, ശിഹാബ് കോട്ടക്കല്‍, സിദ്ധീഖ് വെള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും മുസ്തഫാ കളത്തില്‍ നന്ദിയും പറഞ്ഞു.
- എസ്.എം. അബ്ദുല്‍ വാഹിദ് -