കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ 'മര്‍ഹബ 2010' സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ബലിപെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മര്‍ഹബ 2010' ഈദ് സൗഹൃദ സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. അബ്ബാസിയ്യ ഇസ്‍ലാമിക് സെന്‍റര്‍ മദ്റസയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ഉപാദ്ധ്യക്ഷന്‍ ഇല്‍യാസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഉസ്‍മാന്‍ ദാരിമി അടിവാരം സംഗമം ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഈദ് സന്ദേശം നല്‍കി. തീക്ഷണമായ പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്പോഴെല്ലാം
അചഞ്ചല വിശ്വാസത്തിന്‍റെ ദൃഢത കൊണ്ട് അവയെ നേരിടുകയും ദൈവ മാര്‍ഗ്ഗത്തിലൂടെ പൂര്‍ണ്ണ സമര്‍പ്പണവും ത്യാഗ സന്നദ്ധതയും വഴി മാത്രമെ പൈശാചികതയെ പ്രതിരോധിക്കാനാവുകയുള്ളുവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മുസ്തഫ ദാരിമി, .എസ്. അബ്ദുറഹ്‍മാന്‍ ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന ഇശല്‍ വിരുന്നില്‍ ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ ഗാനമാലപിച്ചു. ഇബ്നു മുഹമ്മദും സംഘവും കണ്ണീരില്‍ കുതിര്‍ന്ന ഹജ്ജ് യാത്ര എന്ന കഥാപ്രസംഗം അവതരിപ്പിച്ചത് സദസ്സിന് മറക്കാനാവാത്ത അനുഭവമായി. സെക്രട്ടറി മന്‍സൂര്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.
-ഗഫൂര്‍ ഫൈസി, പൊന്മള-