ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രൊഫ. കെ.സി. മുഹമ്മദ് ബാഖവിക്ക് സ്വീകരണം നല്‍കി


ജിദ്ദ : കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുടെ ഓഫ് കാന്പസ് ആരംഭിക്കുമെന്നും ലോകോത്തര ഇസ്‍ലാമിക ദഅ്‍വ കേന്ദ്രമാക്കി ദാറുല്‍ഹുദയെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെമ്മാട് ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രൊഫ. കെ.സി. മുഹമ്മദ് ബാഖവി പറഞ്ഞു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ആന്ധ്രാപ്രദേശിലെ
പങ്ക്നൂരില്‍ ദാറുല്‍ ഹുദയുടെ ഓഫ് കാന്പസ് ആരംഭിച്ചതായും ഉടന്‍ തന്നെ പശ്ചിമ ബംഗാളിലും ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്‍റെ നാനാഭാഗത്തും ഇസ്‍ലാമിക പ്രബോധനമെന്ന ദാറുല്‍ഹുദയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മഹാന്മാരായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം. ബഷീര്‍ മുസ്‍ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‍ലിയാര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനമായിരുന്നു ദാറുല്‍ ഹുദയുടെ വിജയത്തിന് അടിത്തറ പാകിയതെന്നും കെ.സി. മുഹമ്മദ് ബാഖവി പറഞ്ഞു.


ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി ജിദ്ദ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ പ്രൊഫ. കെ.സി മുഹമ്മദ് ബാഖവി.

ഷറഫിയ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍, ടി.എച്ച്. ദാരിമി, ഡോ. മുഹമ്മദ് കാവുങ്ങല്‍, അബ്ദുല്‍ ബാരി ഹുദവി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.. കോയ മൂന്നിയൂര്‍ സ്വാഗതവും അബ്ബാസ് ഹുദവി നന്ദിയും പറഞ്ഞു.

- മജീദ് പുകയൂര്‍ -