മസ്ജിദുല് ഹറാമും മസ്ജിദുന്നബവിയും തീര്ഥാടകരെ കൊണ്ട് നിറഞ്ഞു കവിയുന്നു

മക്ക: റമദാന്‍ അവസാനത്തെ പത്തിലേക്ക് കടന്നതോടെ അഭൂതപൂര്‍വമായ തീര്‍ഥാടക പ്രവാഹം തുടരുന്നതിനാല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു കവിയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശത്തുനിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇരുഹറമുകളിലും തിരക്ക് കൂടാന്‍ കാരണം.
ഇതിനകം 30 ലക്ഷം വിദേശികള്‍ ഉംറ നിര്‍വഹിച്ച് തിരിച്ചുപോയതായാണ് റിപ്പോര്‍ട്ട്. സ്വദേശികളും പ്രവാസികളുമായി അതിന്റെ എത്രയോ മടങ്ങ് സൗദിയുടെ നാനാഭാഗങ്ങളില്‍നിന്ന് റമദാന്റെ പുണ്യരാവുകള്‍ ചെലവഴിക്കാന്‍ എത്തിക്കൊണ്ടിരിക്കയാണ്.
ദിനേന ശരാശരി 95 വിമാന സര്‍വീസുകളിലായി 15,000 തീര്‍ഥാടകര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നുണ്ട്. 76 വിമാനങ്ങളിലായി 10,000 പേര്‍ വീതം തിരിച്ചുപോകുന്നുമുണ്ട്. ഇതിനു പുറമെ, മദീന പ്രിന്‍സ് മുഹമ്മദ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഒരു ദിവസം 40 വിമാനങ്ങള്‍ തീര്‍ഥാകരെ വഹിച്ചെത്തുന്നു.
റമദാന്റെ മൂന്നാമത്തെ വെള്ളിയാഴ്ച ഇരുഹറമുകളിലായി 20 ലക്ഷം പേരാണ് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഇതിനകം എത്തിയത് ഈജിപ്തില്‍നിന്നാണ്. തൊട്ടടുത്ത സ്ഥാനത്ത് ഇറാനാണ്. പാകിസ്താന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ തൊട്ടടുത്ത് നില്‍ക്കുന്നു. യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള ഒറ്റപ്പെട്ട സംഘങ്ങളെ ഹറമിലെ തിരിക്കില്‍ കാണാനുണ്ട്. ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉംറ തീര്‍ഥാടകര്‍ കുറവാണെങ്കിലും ഗള്‍ഫ് നാടുകളില്‍നിന്നും മലയാളികള്‍ ധാരാളം എത്തുന്നുണ്ട്.