യഥാര്‍ഥ മതവിശ്വാസികളാണ് മതേതരവാദികള്‍ -കെ. മുരളീധരന്‍

കോഴിക്കോട്: മത വിശ്വാസികള്‍ക്ക് മാത്രമേ യഥാര്‍ഥ മതേതരവാദികളാകാന്‍ സാധിക്കുകയുള്ളൂവെന്നും ദൈവ വിശ്വാസികള്‍ മനുഷ്യരെ സഹോദരന്‍മാരായി കാണുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരയിടത്ത്പാലത്ത് നടക്കുന്ന റഹ്മത്തുല്ല ഖാസിമിയുടെ റംസാന്‍ പ്രഭാഷണത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതേതരത്വം കൈവിട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. മതമൂല്യങ്ങള്‍ അറിയാത്ത ചിലരാണ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഇത്തരം കുഴപ്പക്കാര്‍ എല്ലാ മതത്തിലുമുണ്ട്. തെറ്റിനെ തെറ്റുകൊണ്ട് നേരിടുന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. ആത്മസംയമനം തന്നെയാണ് ഈ ഘട്ടത്തില്‍ അനുഗുണമായിട്ടുള്ളത്-കെ.മുരളീധരന്‍ പറഞ്ഞു. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

'കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്' എന്ന വിഷയത്തില്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി.

പ്രഭാഷണ വേദിയില്‍ നടന്ന ക്വിസ് മത്സര വിജയികള്‍ക്ക് ബശീറലി തങ്ങള്‍ സമ്മാനദാനം നടത്തി. കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിന്റെ വി.സി.ഡി. കാസിം മൂഴിക്കലിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. പ്രൊഫ. വി.എം. ഉസ്സന്‍കുട്ടി സ്വാഗതവും കെ.ടി. ബീരാന്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.

28-08-2010 ശനിയാഴ്ച 'സിയാറത്ത്: മനസ്സും മനോഭാവവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ പങ്കെടുക്കും.