വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍

കുവൈത്ത് സിറ്റി : സമാഗതമാവുന്ന വിശുദ്ധ റമദാനില്‍ വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ കാന്പയിന്‍ ആചരിക്കാന്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. കാന്പയിന്‍റെ ഉദ്ഘാടനവും സകാത്ത് വിശദീകരണ സമ്മേളനവും ജൂലൈ 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഖുര്‍ആന്‍ ഹിഫ്ള് മത്സരങ്ങള്‍, മതപ്രഭാഷണ പരന്പര, കുടുംബ സംഗമം, ദുആ സമ്മേളനം, ദിക്റ് വാര്‍ഷികം, റിലീഫ് നെറ്റ്‍വര്‍ക്ക് തുടങ്ങിയ പരിപാടികള്‍ കാന്പയിന്‍റെ ഭാഗമായി നടക്കും. ആഗസ്റ്റ് 27 ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കുന്ന ഇഫ്താര്‍ മീറ്റില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്‍റ് ഉസ്‍മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.