മദ്റസ റൈഡ് ആസൂത്രിതം

പാപ്പിനിശ്ശേരി വെസ്റ്റ് : പ്രവാചകനെ ചോദ്യപ്പേപ്പറിലൂടെ അവഹേളിച്ച കോളേജ് അധ്യാപകന്‍റെ കാടത്തപരമായ സമീപനത്തിലും ഇതിന്‍റെ മറവില്‍ അധ്യാപകന്‍റെ കൈ വെട്ടിയ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും പാപ്പിനിശ്ശേരി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമാപന ജനറല്‍ബോഡി യോഗം ശക്തിയായി പ്രതിശേധിച്ചു. ഇതിന്‍റെ മറവില്‍ സമാധാനത്തിന്‍റെ ഗേഹങ്ങളായ ആരാധനാലയങ്ങളും മദ്റസകളും മറ്റ് മത സ്ഥാപനങ്ങളും റൈഡ് നടത്തി മത ചിഹ്നങ്ങളും മത പണ്ഡിതന്മാരെയും നേതാക്കളെയും വിശിഷ്യാ മുസ്‍ലിം സമുദായത്തെയും തീവ്രവാദികളായും ഭാകരവാദികളായും മുദ്രകുത്തി സംശയത്തിന്‍റെ നിഴല്‍ നിര്‍ത്തുകയും അതുവഴി പോലീസ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കളുടെയും ഹിഡന്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം പ്രവണതകള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും സമുദായത്തിലെ ഉത്തരവാദപ്പെട്ടവും കരുതിയിരിക്കണമെന്നും ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തീവ്രചിന്താഗതിയിലുള്ള പ്രസ്ഥാനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കെ.ഹംസ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹ്‍യദ്ദീന്‍ ഫൈസി, കരീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി പ്രസംഗിച്ചു. കെ.വി. ഇബ്റാഹീം മൗലവി സ്വാഗതവും റഈസ് അസ്അദി നന്ദിയും പറഞ്ഞു.