വ്യാജ ജിന്ന് ചികിത്സയില്‍ വഞ്ചിതരാവരുത് : ത്വാഖ അഹ്മദ്‌ മൗലവി

കാസര്‍കോട്: വര്‍ഷങ്ങളായി കുണിയ അടുക്കം എന്ന സ്ഥലത്ത് ജിന്ന് ഹാളിറാത്തിന്റെ പേരില്‍ ഒരു വ്യക്തി നടത്തുന്ന ജിന്ന് ചികിത്സ വ്യാജമാണെന്ന് കീഴുര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ ഖാസിമി അല്‍ അസ്ഹരി പ്രസ്താവിച്ചു. കുണിയ ശറഫുല്‍ ഇസ്ലാം ജമാഅത്ത് പരിസരത്ത് കുണിയ മഹല്ല് നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിന്ന് ഹാളിറാത്തിന്റെ പേരില്‍ ചികിത്സയില്‍ സ്ത്രീകളുള്‍പ്പെടുത്തിയിട്ടുള്ള സ്വലാത്ത് പരിപാടികളും നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്ഥിതീകരിക്കുന്നതിനായി 13ന്നു രാവിലെ പതിനൊന്ന് മണിക്ക് ജമാഅത്ത് നിവാസികളുടെ മുന്നില്‍ ഹാജരാകുന്നതിനും ചികിത്സ നടത്തുന്ന വ്യക്തിക്ക് ഉണ്ട് എന്ന് പറയുന്ന ജിന്നുമായി സംവദിക്കുന്നതിന് ഖാസിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഖാസി കുണിയ ജമാഅത്ത് പരിസരത്ത് എത്തിയെങ്കിലും ചികിത്സ നടത്തുന്ന വ്യക്തി ഖാസിയെ കാണാനോ, സംവദിക്കാനോ തയ്യാറായില്ല. അതിനാല്‍ വ്യക്തി നടത്തുന്ന ചികിത്സയും, ആചാരങ്ങളും തട്ടിപ്പും വ്യാജവുമാണ്. ആരും വഞ്ചിതരാകരുതെന്നും, ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഖാസി അറിയിച്ചു.