രാജ്യസ്‌നേഹം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗം: ഹൈദരലി തങ്ങള്‍

തിരുവനന്തപുരം: രാജ്യസ്‌നേഹം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും സമസ്തയുടെ എക്കാലത്തെയും പ്രവര്‍ത്തനം ഇതിനെ ആശ്രയിച്ചാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു യുവജനസംഘടനക്ക് വേണ്ടുന്ന വിവിധ മുഖങ്ങളെ സ്വീകരിക്കുവാന്‍ എക്കാലവും പക്വത കാണിച്ച പ്രസ്ഥാനമാണ് സുന്നി യുവജന സംഘം. മുസ്‌ലിം സമൂഹത്തെ മതത്തിന്റെ ശരിയായ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള പ്രസ്ഥാനത്തിന്റെ ദൗത്യത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനമാണുള്ളത്. നമ്മുടെ രാജ്യം വിഘടനവാദികളുടെയും തീവ്രവാദികളുടെയും കൈയിലകപ്പെടാന്‍ പാടില്ലെന്ന പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണിത്. സമൂഹവും രാജ്യവും കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസ്ഥാനം അതിന്റെ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്-തങ്ങള്‍ പറഞ്ഞു.എസ്.വൈ.എസില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മസ്‌ക്കറ്റ് ഹോട്ടല്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ വിഴിഞ്ഞം ഹുസൈന്‍ മുസലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആലംകോട് ഹസ്സന്‍ സ്വാഗതം പറഞ്ഞു. ഫാറൂഖ് ബീമാപള്ളി, വള്ളക്കടവ് നസീര്‍ഖാന്‍, സുലൈമാന്‍ വള്ളക്കടവ്, ജൗഫര്‍ മുസലിയാര്‍, കണിയാപുരം ഹാഷിം, സദക്കത്തുള്ള മന്നാനി, കന്യാകുളങ്ങര ഹലീല്‍ക്കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.