വിവാഹം: സമസ്‌ത ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കുന്നു.....

കോഴിക്കോട്‌: വിവാഹത്തോടനുബന്ധിച്ച്‌ വര്‍ധിച്ചുവരുന്ന അനാചാരങ്ങളും അധാര്‍മിക പ്രവണതകളും തടയുന്നതിന്നു വേണ്ടി മഹല്ല്‌ കമ്മിറ്റികള്‍ക്കു കീഴില്‍ വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നടപ്പിലാക്കാന്‍ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ നടന്ന സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെയും മിന്‍ത്വഖ മഹല്ല്‌ ഫെഡറേഷന്‍ ഭാരവാഹികളുടെയും സമസ്‌ത നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
പണ്ടവും പണവും വിലപേശി കച്ചവടരീതിയില്‍ നടത്തുന്ന വിവാഹങ്ങള്‍ ഒഴിവാക്കുക, വിവാഹത്തിലെ ധൂര്‍ത്തും വിവേചനവും തുടക്കം മുതല്‍ ഒഴിവാക്കുക, കല്യാണ ചടങ്ങുകള്‍ വ്യക്തികളുടെ അവസ്ഥക്കനുസരിച്ച്‌ ലളിതമാക്കുക, കല്യാണ വേദിയില്‍ വധുവിനെയും മറ്റു പെണ്‍കുട്ടികളെയും പ്രദര്‍ശന വസ്‌തുവാക്കാതിരിക്കുക, മറ്റു സമുദായക്കാരിലെ പോലെ വധൂവരന്മാര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട്‌ ആശീര്‍വാദം ഏറ്റുവാങ്ങുന്ന പ്രവണത ഒഴിവാക്കുക, മഹ്‌റ്‌ വധുവിന്‌ കൊടുക്കുന്നതിന്റെ മറവില്‍ കൂട്ടൂകാര്‍ വധുവിന്റെ റൂമില്‍ പ്രവേശിക്കുന്ന സ്വഭാവം വര്‍ജ്ജിക്കുക, പടക്കം പൊട്ടിക്കുകയും ഗില്‍റ്റുവിതറുകയും ഡാന്‍സ്‌ പോലെയുള്ള ആഭാസകരമായ കലാപരിപാടികളും കല്യാണവീട്ടില്‍ നടക്കുകയില്ലെന്ന്‌ ഉറപ്പാക്കുക, വധൂവരന്മാരുടെ കൂടെ പോകുന്നവര്‍ പൂര്‍ണമായും അച്ചടക്കം പാലിക്കുകയും ഇടകലരല്‍ ഒഴിവാക്കുകയും ഉത്തരവാദപ്പെട്ട മുതിര്‍ന്നവരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യുക, കല്യാണ രാത്രികളിലും പകലുകളിലും മദ്യം ഉപയോഗിക്കുകയില്ലെന്ന്‌ ഉറപ്പുവരുത്തുക, വീഡിയോ ഗ്രാഫിയും ഫോട്ടോഗ്രാഫിയും പരമാവധി ഒഴിവാക്കുകയും അനിവാര്യമെങ്കില്‍ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക, വധുവിന്റെയും വരന്റെയും കൂടെ വധൂഗൃഹത്തിലേക്ക്‌ പോകുന്നവരുടെ എണ്ണം ചുരുക്കുക, അമ്മായിപ്പോക്കും അടുക്കള കാണലും ആര്‍ഭാടമാക്കാതിരിക്കുക, വിവാഹത്തിനു മുമ്പ്‌ വധൂ വരന്മാരുടെ മഹല്ല്‌ കമ്മിറ്റികള്‍ അന്യോന്യം നോ ഒബ്‌ജക്‌ഷന്‍ സെര്‍ട്ടിഫിക്കറ്റ്‌ കൈ മാറുക, വിവാഹ ചടങ്ങുകളില്‍ മഹല്ല്‌ കമ്മിറ്റി പ്രതിനിധിയുടെ സാന്നിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ 14 നിര്‍ദേശങ്ങളാണ്‌ ജില്ലയിലെ തൊള്ളായിരത്തില്‍പരം വരുന്ന മഹല്ലുകളില്‍ നടപ്പിലാക്കുന്നത്‌. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിവാഹങ്ങളില്‍ മഹല്ല്‌ കമ്മിറ്റി പങ്കാളിത്തം വഹിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. വിവാഹിതരാവാന്‍ പോവുന്ന ഇരു വിഭാഗത്തിന്റെയും ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ചേരുന്ന വിവാഹ നിശ്ചയവേദിയില്‍ ഈ നിബന്ധനകള്‍ മഹല്ല്‌ പ്രതിനിധി അവതരിപ്പിക്കും. ഇതിന്റെ മുന്നോടിയായി മിന്‍ത്വഖ മഹല്ല്‌ ഫെഡറേഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ബോധവത്‌കരണ പ്രവര്‍ത്തനങ്ങളും നടക്കും.
എ.വി. അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ പാറന്നൂര്‍ പി.പി. ഇബ്‌റാഹീം മുസ്‌ലിയാര്‍, എന്‍.വി. ഖാലിദ്‌ മുസ്‌ലിയാര്‍, സി.എസ്‌.കെ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, അബൂബക്‌ര്‍ ഫൈസി മലയമ്മ സംസാരിച്ചു.
മുസ്‌ത്വഫ മാസ്റ്റര്‍ മുണ്ടുപാറ കര്‍മരേഖ അവതരിപ്പിച്ചു. കെ.എന്‍.എസ്‌ മൗലവി സ്വാഗതവും ആര്‍.വി.എ സലീം നന്ദിയും പറഞ്ഞു.

- റിയാസ് ടി. അലി